‘കൊത്ത രാജുവിനെ കൊന്ന് പൂച്ചയെ രക്ഷിച്ച കാളിക്കുട്ടി..’ – പരിഹാസങ്ങളോട് പ്രതികരിച്ച് സജിത മഠത്തിൽ

ദുൽഖർ സൽമാനെ നായകനാക്കി ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്‌ത്‌ പുറത്തിറങ്ങിയ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. തിയേറ്റർ റിലീസിന് പിന്നാലെ ഒടിടിയിൽ സിനിമ റിലീസ് ചെയ്തിരിക്കുകയാണ്. തിയേറ്ററുകളിൽ അത്ര മികച്ച അഭിപ്രായമായിരുന്നില്ല സിനിമയ്ക്ക് ലഭിച്ചിരുന്നത്. ബോക്സ് ഓഫീസിലും ചലനം സൃഷ്ടിക്കാൻ സിനിമയ്ക്ക് സാധിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമായി.

ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ഹൈപ്പും ബഡ്ജറ്റിലും ഇറങ്ങിയ സിനിമയായിരുന്നു. പാൻ ഇന്ത്യ സ്റ്റാർ എന്ന രീതിയിൽ അറിയപ്പെടാൻ ഗുണകരമാകുമായിരുന്ന സിനിമ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ സാധിച്ചിരുന്നില്ല. ഒടിടിയിൽ ഇറങ്ങിയ ശേഷവും അതിന് മാറ്റമൊന്നുമുണ്ടായില്ല. അത് പോരാത്തതിന് വലിയ രീതിയിലുള്ള വിമർശനങ്ങളും ട്രോളുകളും പരിഹാസങ്ങളുമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പല സീനുകളും വച്ച് ട്രോളുകൾ വന്നു കഴിഞ്ഞിട്ടുണ്ട് സമൂഹ മാധ്യമങ്ങളിൽ. ചില കഥാപാത്രങ്ങൾക്കും ട്രോളുകൾ ലഭിച്ചിട്ടുണ്ട്. അതിലൊന്ന് കണ്ണൻ എന്ന കഥാപാത്രത്തിന്റെ അമ്മ ഒരു പൂച്ചയ്ക്ക് വേണ്ടി മകനെ പോലെ കണ്ട രാജുവിനെ ഒറ്റികൊടുക്കുന്ന രംഗമാണ്. ഇതിന് വലിയ ട്രോളുകളാണ് ലഭിച്ചത്. കഥാപാത്രത്തിന് മാത്രമല്ല അത് അവതരിപ്പിച്ച നടി സജിത മഠത്തിലിനും രക്ഷയില്ല. വിമർശനങ്ങൾ പ്രൊഫൈലിലേക്ക് എത്തിയപ്പോൾ സജിത മറുപടിയുമായി എത്തിയിരിക്കുകയാണ്.

“കൊത്ത രാജുവിനെ കൊ ന്ന് പൂച്ചയെ രക്ഷിച്ച കാളിക്കുട്ടിയെ തെറിപറയാനും പരിഹസിക്കാനും ഇൻബോക്സിൽ എത്തുന്നവരുടെ പ്രത്യേകശ്രദ്ധക്ക്, ഈ പ്രസ്തുതവിഷയത്തിൽ എനിക്ക് യാതൊരു പങ്കുമില്ല. കൊത്ത എന്ന രാജ്യത്ത് ജീവിച്ചിരുന്ന കാളിക്കുട്ടിയെ കണ്ടെത്തിയാൽ ഞാൻ വിവരം അറിയിച്ചോളാം.. ഇതെങ്കിലും ബലിക്കുമായിരിക്കുമല്ലേ? എന്തൊരു കഷ്ടമാണ് ഇത്..”, സജിത മഠത്തിൽ പ്രതികരിച്ചു.