മലയാളം ടെലിവിഷൻ ചാനലുകളിൽ ഇന്ന് റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു പ്രോഗ്രാമാണ് ബിഗ് ബോസ്. നാലാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. മോഹൻലാൽ ഹോസ്റ്റായി എത്തുന്ന ബിഗ് ബോസിന്റെ എല്ലാ സീസണുകളിൽ ഒരുപാട് കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സീസണിലും അത്തരം ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ഷോയുടെ റേറ്റിംഗിനെ തന്നെ ബാധിക്കുമെന്ന് തോന്നിപ്പിച്ച ഒരു സംഭവം ഈ സീസണിൽ നടന്നിരുന്നു. പ്രേക്ഷകരിൽ ഒരുപാട് ആരാധകരെ ഉണ്ടാക്കിയ ഡോക്ടർ റോബിൻ രാധാകൃഷ്ണനെ ബിഗ് ബോസിൽ നിന്ന് പുറത്താക്കിയിരുന്നു. സഹമത്സരാർത്ഥിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനായിരുന്നു റോബിനെ പുറത്താക്കിയത്. റോബിനെ പുറത്താക്കിയതോടെ ഫാൻസ് ചാനലിന് എതിരെയും ഷോയ്ക്ക് എതിരെയും പ്രതികരിക്കുകയും ചെയ്തിരുന്നു.
തിരിച്ചുവരുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നെങ്കിലും പുറത്താക്കാനുള്ള തീരുമാനത്തിൽ തന്നെ അണിയറപ്രവർത്തകർ മുന്നോട്ട് പോയി. ഷോയിൽ നിന്ന് പുറത്തിറങ്ങിയ റോബിനെ സ്വീകരിക്കാൻ എയർപോർട്ടിൽ ആരാധകരുടെ വൻ കൂട്ടം തന്നെ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ റോബിന് വളരെ പെട്ടന്ന് തന്നെ ഫോളോവേഴ്സ് കൂടുകയും ചെയ്യുന്നത് മലയാളികൾ കണ്ടു. ഇപ്പോഴിതാ റോബിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളിൽ ഒന്ന് നടന്നിരിക്കുകയാണ്.
ബിഗ് ബോസിന്റെ അവതാരകനായ ശ്രീ മോഹൻലാൽ തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. നിർമ്മാതാവ് സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് റോബിൻ. എസ്.ടി.കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി.കുരുവിള നിർമ്മിക്കുന്ന പതിനാലാമത്തെ ചിത്രത്തിലാണ് റോബിൻ അഭിനയിക്കുന്നത്. സിനിമയുടെ അന്നൗൺസ്മെന്റ് പോസ്റ്ററാണ് മോഹൻലാൽ പുറത്തുവിട്ടത്. പിന്നാലെ റോബിന് ആശംസകൾ അറിയിച്ച് ആരാധകരും രംഗത്ത് എത്തി.