ടെലിവിഷൻ അവതാരകനും നടനും സംവിധായകനും റേഡിയോ ജോക്കിയുമായ ആർ.ജെ മാത്തുക്കുട്ടി ഈ കഴിഞ്ഞ ദിവസമാണ് താൻ അച്ഛനായ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. ആൺകുഞ്ഞ് പിറന്ന സന്തോഷം മാത്തുക്കുട്ടി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവച്ചു. കാനഡയിൽ വച്ചായിരുന്നു മാത്തുക്കുട്ടിയുടെ ഭാര്യയുടെ പ്രസവം. എലിസബത്തും കുടുംബവുമെല്ലാം കാനഡയിലാണ് താമസിക്കുന്നത്.
ഇപ്പോഴിതാ കുഞ്ഞ് ജനിച്ച സന്തോഷം കേക്ക് മുറിച്ച് ആഘോഷിക്കുകയാണ് മാത്തുക്കുട്ടിയും ഭാര്യ എലിസബത്ത് സജി മഠത്തിലും. ഇതോടൊപ്പം പ്രസവ സമയത്ത് ഉണ്ടായ അനുഭവവും മാത്തുക്കുട്ടി പോസ്റ്റിനോടൊപ്പം എഴുതിയിട്ടുണ്ട്. “നീണ്ട എട്ട് മാസത്തെ കരുതലുകൾക്കും തയ്യാറെടുപ്പുകൾക്കും ശേഷം “ഇപ്പോ വരും” എന്ന് കാനഡ വിക്ടോറിയ ഹോസ്പിറ്റലിലെ ഡോക്ടർമാർ വിധിയെഴുതി ലേബർ റൂമിലേക്ക് കേറ്റിയ ഭാര്യ പ്രസവിച്ചത് അതികഠിനമായ 19 മണിക്കൂറുകൾക്ക് ശേഷം.
ശനിയാഴ്ച വൈകുന്നേരങ്ങളിൽ പണ്ട് ലുലുമാളിന് മുൻപുള്ള ബ്ലോക്കിൽ കിടക്കുമ്പോൾ, നെടുമ്പാശ്ശേരിയിലുള്ള കൂട്ടുകാരനോട് “അളിയാ ഗൂഗിൾ മാപ്പിൽ വെറും 3 മിനിറ്റ്, ഇപ്പൊ എത്തും” എന്ന് കോൺഫിഡൻസോടെ വിളിച്ച് പറയുന്ന എന്റെ അതേ സ്വഭാവത്തിൽ ഒരു പ്രൊഡക്ട്. അത് പിന്നെ കർമ്മഫലം എന്ന് കരുതി ആശ്വസിക്കാം. പ്രധാന വിഷമം അതല്ല. മണിക്കൂറുകൾ നീണ്ട പുഷ് ആൻഡ് പുള്ളിന്റെ ഇടയിൽ, നിലക്കണ്ണു മിഴിച്ച് നിൽക്കുന്ന സർവ്വ ഹോസ്പിറ്റൽ സ്റ്റാഫുകളോടും അവൾ അലറിപ്പറഞ്ഞത് എന്താണെന്നോ?
“എനിക്കറിയാം ഇതങ്ങനെ പെട്ടെന്നൊന്നും പുറത്ത് വരൂല്ലാ.. ഇതിന്റെ അപ്പൻ 12 മാസമാണ് അമ്മയുടെ വയറ്റിൽ തന്നെ കിടന്നേ..”ന്ന്. സത്യം പറഞ്ഞാൽ കുട്ടി വരുന്നതിന് മുൻപേ ലേബർ റൂമിൽ നിന്ന് അച്ഛൻ കരഞ്ഞ്..”, മാത്തുക്കുട്ടി കുറിച്ചു. “4 മാസം കൂടെ അവിടെ തന്നെ കിടക്കേണ്ട വരുവോന്ന് വരെ ഞാൻ പേടിച്ച്..”, എന്ന് മാത്തുക്കുട്ടിയുടെ ഭാര്യ എലിസബത്തും പോസ്റ്റിന് താഴെ കമന്റ് ഇട്ടിട്ടുണ്ട്. ഇരുവർക്കും അഭിനന്ദനങ്ങൾ അറിയിച്ച് നിരവധി പേരാണ് കമന്റ് ഇട്ടിട്ടുള്ളത്.