‘ഹരിഹരപുര ക്ഷേത്രത്തിൽ മകൾക്ക് ആദ്യക്ഷരം കുറിച്ച് കാന്താര നായകൻ ഋഷഭ് ഷെട്ടി..’ – ഏറ്റെടുത്ത് ആരാധകർ

കാന്താര എന്ന കന്നഡ ചിത്രം ഇറങ്ങിയതോടെ മലയാളികൾക്ക് കൂടി പ്രിയങ്കരനായി മാറിയ താരമാണ് നടൻ ഋഷഭ് ഷെട്ടി. 2012 മുതൽ കന്നഡ ചിത്രത്തിൽ സജീവമായി നിൽക്കുന്ന ഒരാളാണ് ഋഷഭ്. ലൂസിയ എന്ന കന്നഡ ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് ഋഷഭിനെ കുറച്ച് മലയാളികൾക്ക് എങ്കിലും സുപരിചിതനായത്. അതിൽ ഒരു പൊലീസ് ഓഫീസറുടെ റോളിലാണ് അഭിനയിച്ചത്. കിറിക് പാർട്ടിയുടെ സംവിധായകനും അദ്ദേഹം ആയിരുന്നു.

അതും തിയേറ്ററിൽ വമ്പൻ ഹിറ്റായിരുന്നു. രശ്മിക സിനിമയിലേക്ക് വരുന്നത് ഈ ചിത്രത്തിലൂടെയാണ്. ബെൽ ബോട്ടം എന്ന സിനിമയിലാണ് ആദ്യമായി നായകനാകുന്നത്. കാന്താരയാണ് ഋഷഭിന്റെ കരിയർ തന്നെ മാറ്റിമറിച്ചത്. ഇന്ത്യയിൽ ഒട്ടാകെ ചർച്ചയായ സിനിമയായി. 400 കോടിയിൽ അധികമാണ് സിനിമ നേടിയത്. ഇനി കാന്താരയുടെ രണ്ടാം ഭാഗമാണ് ഇറങ്ങാനുള്ളത്. അതിന്റെ ചിത്രീകരണം നടക്കുകയാണ്.

2017-ലായിരുന്നു ഋഷഭിന്റെ വിവാഹം. രണ്ട് കുട്ടികളാണ് ഉള്ളത്. പ്രഗതി ഷെട്ടി എന്നാണ് ഭാര്യയുടെ പേര്. ഇപ്പോഴിതാ ഇളയമകളുടെ ഒരു വിശേഷപ്പെട്ട ദിനം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. മകളെ എഴുത്തിന് ഇരുത്തിയതിന്റെ സന്തോഷമാണ് ഋഷഭ് പങ്കുവച്ചത്. ആചാരങ്ങൾ പാലിക്കുന്ന ഒരാളാണ് ഋഷഭ് എന്ന് അദ്ദേഹത്തിന്റെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ നിന്ന് വ്യക്തമാണ്. ഒരു ഈശ്വര വിശ്വാസി കൂടിയാണ് അദ്ദേഹം.

“ചെറിയ ചുവടുകളിൽ നിന്ന് ചെറിയ വാക്കുകളിലേക്ക്.. ശ്രീ ശാരദാംബെയുടെ കൃപയാൽ ഞങ്ങളുടെ കൊച്ചു പെൺകുട്ടിയുടെ ‘അക്ഷര അഭ്യാസ’ ചടങ്ങ് പൂർത്തീകരിച്ചത് നിങ്ങളുമായി പങ്കുവെക്കുന്നതിൽ ഞങ്ങൾ അനുഗ്രഹീതരാണ്..”, എന്ന ക്യാപ്ഷനോടെയാണ് ഋഷഭ് ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്. ഇതിന് താഴെയും എല്ലാവരും കാന്താര രണ്ടാം ഭാഗം എന്ന് വരുമെന്നാണ് ചോദിക്കുന്നത്. മകനെയും കൈ പിടിച്ച് എഴുതിക്കുന്നുണ്ട് ഋഷഭ്.