3 വർഷം മാത്രമേ സിനിമയിൽ സജീവമായി അഭിനയിച്ചിട്ടുള്ളുവെങ്കിൽ കൂടിയും ഒരുപാട് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ചുപറ്റിയ താരമാണ് നടി ആനി. സിനിമയിൽ നിന്ന് വിട്ടുനിന്ന ആനി ടെലിവിഷൻ ഷോകളിൽ ഹോസ്റ്റായി പലപ്പോഴും പ്രേക്ഷകർ കണ്ടിട്ടുണ്ട്. അമൃത ടി.വിയിൽ ‘ആനീസ് കിച്ചൺ’ എന്ന പ്രോഗ്രാമിൽ 5 വർഷത്തോളം ആനിയായിരുന്നു ഹോസ്റ്റായി നിന്നിരുന്നത്.
ഇതിന് പുറമെ ഒരു ബിസിനെസ്സ് സംരഭകയും കൂടിയാണ് ആനി. തിരുവനന്തപുരം കവടിയാറിൽ ‘റിംഗ്സ് ബൈ ആനി’ പേരിൽ ഒരു റെസ്റ്റോറന്റ് താരം നടത്തുന്നുണ്ട്. ഇപ്പോഴിതാ തിരുവനന്തപുരത്തിന് പുറമേ കൊച്ചിയിലും പുതിയ ഒരു റെസ്റ്റോറന്റ് ആരംഭിച്ചിരിക്കുകയാണ് താരം. കൊച്ചി ഇടപ്പള്ളിയിൽ നേതാജി നഗറിലെ വെട്ടിക്കാട്ട് പറമ്പ് റോഡിലാണ് ആനി തന്റെ പുതിയ റെസ്റ്റോറന്റ് ആരംഭിച്ചത്.
മൂത്തമകനായ ജഗനൊപ്പമാണ് ആനി ബിസിനെസുകൾ നടത്തുന്നത്. ഭർത്താവും സംവിധായകനുമായ ഷാജി കൈലാസിനും മക്കൾക്കും ഒപ്പമാണ് ആനി തന്റെ പുതിയ കടയുടെ ഉദ്ഘാടന ചടങ്ങിൽ എത്തിയത്. ഉദ്ഘാടനത്തിന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, സംവിധായകൻ ജിനു എബ്രഹാം, നടൻ രാഹുൽ മാധവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഷാജി കൈലാസും ആനിയും ചേർന്ന് വിളക്ക് കൊളുത്തിയാണ് ഉദ്ഘാടനം ചെയ്തത്.
വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വൈറലാണ്. അതുപോലെ ഷാജി കൈലാസ് പൊതിച്ചോറ് കെട്ടികൊടുക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. ലിസ്റ്റിനും ജിനുവിനും രാഹുലിനും ഷാജി കൈലാസ് പാർസൽ കൊടുത്തുകൊണ്ടാണ് തിരികെ വിടുന്നത്. കുടുംബത്തിന്റെ പിന്തുണ കൊണ്ടാണ് ഇത് മുന്നോട്ട് പോകുന്നതെന്നും തന്റെ നട്ടെല്ല് തന്നെ ഷാജിയേട്ടനും മക്കളുമാണെന്ന് ആനി മാധ്യമങ്ങളോട് പറഞ്ഞു.