‘ലക്ഷ്മി നക്ഷത്ര എല്ലാ മാസവും ഒരു തുക നൽകും, അത് ഞങ്ങൾക്ക് വലിയയൊരു സഹായമാണ്..’ – തുറന്ന് പറഞ്ഞ് രേണു സുധി

ഈ കഴിഞ്ഞ ദിവസമാണ് അന്തരിച്ച നടൻ കൊല്ലം സുധി അഭിനയിച്ച അവസാന ചിത്രം കുരുവി പാപ്പ റിലീസ് ചെയ്തത്. സിനിമ കാണാൻ വേണ്ടി കൊല്ലം സുധിയുടെ ഭാര്യ രേണുവും മകനുമൊക്കെ എത്തിയിരുന്നു. അപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ രേണു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തനിക്ക് തന്റെ ഭർത്താവിനെ കുറിച്ച് ഒന്നും പറയാൻ പറ്റില്ല, പറഞ്ഞാൽ ഷോ ആണെന്ന് പറയുമെന്നും ലക്ഷ്മി നക്ഷത്രയും ഈ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും രേണു പറഞ്ഞു.

ഇത് കൂടാതെ ലക്ഷ്മി നക്ഷത്ര ചെയ്യുന്ന ഒരു നന്മയെ പറ്റി ആദ്യമായി രേണു മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നു പറഞ്ഞിരിക്കുകയാണ്. “ചിന്നു എന്ന് പറഞ്ഞാൽ സുധി ചേട്ടന്റെ സ്വന്തം പെങ്ങളായിട്ടാണ് ഞങ്ങൾ കാണുന്നത്. ഞാൻ ഇതിന് മുമ്പ് പറഞ്ഞിട്ടില്ല. അവൾ എല്ലാം മാസവും പതിനാലാം തീയതി ഒരു പൈസ ഞങ്ങൾക്ക് ഇട്ടു തരും. എനിക്ക് ഇതുവരെ ജോലി ഒന്നും ആയിട്ടില്ല. ഞാൻ ചോദിക്കാതെ തന്നെ ചിന്നു ചെയ്യുന്നതാണ് അത്.

അവൾക്ക് വേണേൽ അത് പറയാം. പക്ഷേ ആരും അറിയാതെയാണ് അവൾ അത് ചെയ്യുന്നത്. അത് ഞാനും എന്റെ കുടുംബവും ചിന്നുവും മാത്രമേ അറിയുന്നോളൂ. അവൾക്ക് ആത്മാർത്ഥമായ സ്നേഹമാണ് ഞങ്ങളോട് ഉളളത്. അത് എവിടെയാണെങ്കിലും ഞാൻ പറയും. അല്ലാതെ അതൊരു പ്രഹസനമോ ആളുകൾ പൊങ്കാല ഇട്ടതുപോലെ ഒന്നുമല്ല. അമ്മയെ തല്ലിയാലും രണ്ട് വശമുള്ള നാടാണല്ലോ ഇത്..”, രേണു സുധി പറഞ്ഞു.

സുധിയുടെ മരണമുണ്ടായ സമയത്ത് തന്നെ ലക്ഷ്മി നക്ഷത്ര ആദ്യം കരഞ്ഞുകൊണ്ട് ഒരു വീഡിയോ പങ്കുവച്ചിരുന്നു. അദ്ദേഹത്തിന്റെ മരണം വിറ്റ് കാശാക്കുന്നു എന്ന് അന്നേ വിമർശനം ഉയർന്നിരുന്നു. പിന്നീട് രേണുവിനെയും മക്കളെയും കാണാൻ പോയപ്പോഴുള്ള ഒരു വീഡിയോ ഈ അടുത്തിടെ പങ്കുവച്ചതും വലിയ രീതിയിൽ വിമർശനങ്ങൾക്ക് വഴിയൊരുക്കി.. എന്തായാലും രേണുവിന്റെ ഈ വാക്കുകൾ വന്നതോടെ ലക്ഷ്മി നക്ഷത്ര വിമർശിച്ചവർ പിന്നോട്ട് വലിഞ്ഞിരിക്കുകയാണ്.