‘ഇന്ത്യ വളരെ വേഗത്തിൽ മുന്നേറുകയും വളരുകയും ചെയ്യുന്നു! കഴിഞ്ഞ 10 വർഷത്തിലെ നേട്ടം നോക്കൂ..’ – പ്രതികരിച്ച് രശ്മിക മന്ദാന

കേന്ദ്രസർക്കാരിനെ നേട്ടങ്ങളെ പുകഴ്ത്തി നടി രശ്മിക മന്ദാന. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസന നേട്ടം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രശ്മിക തുറന്ന് പറഞ്ഞിരിക്കുകയാണ്. ഹൈദരാബാദിൽ നിന്ന് സ്ഥിരമായി മുംബൈയിലേക്ക് ഷൂട്ടിങ്ങിന് വേണ്ടിയൊക്കെ യാത്ര ചെയ്യുന്ന രശ്മിക റോഡുകളുടെ മേന്മയെ കുറിച്ചുപറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത് തന്നെ.

“നിങ്ങൾക്ക് അറിയുമോ രണ്ടര മണിക്കൂർ വേണ്ട യാത്ര ഇപ്പോൾ വെറും ഇരുപത് മിനിറ്റ് കൊണ്ട് സാധിക്കും. വിശ്വസിക്കാൻ പറ്റുന്നില്ല. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ആരെങ്കിലും കരുതിയോ? നവി മുംബൈയിൽ നിന്ന് മുംബൈയിലേക്കോ ഗോവയിൽ നിന്ന് മുംബൈയിലേക്കോ ബാംഗ്ലൂരിൽ നിന്ന് മുംബൈയിലേക്കോ ഒക്കെ വളരെ എളുപ്പത്തിൽ വരാൻ സാധിക്കുന്നു. ഇന്ത്യ ഇപ്പോൾ എവിടെയും നിർത്താതെ മുന്നോട്ട് പോവുകയാണ്.

ഇന്ത്യയിൽ ഒന്നും നടക്കില്ല എന്ന് പറയുന്നവർ കാണട്ടെ.. ആരും ഇപ്പോൾ അങ്ങനെ പറയാറില്ല. നമ്മുടെ രാജ്യം വളർന്നത് നോക്കൂ.. കഴിഞ്ഞ പത്ത് വർഷത്തിലെ ഇന്ത്യയുടെ വളർച്ച നോക്കൂ. അടിസ്ഥാന സൗകര്യങ്ങളും, അതിന് വേണ്ട പ്ലാനിങ്ങും എല്ലാം അടിപൊളിയാണ്. രാജ്യത്തിന്റെ ഭാവിയിൽ എനിക്ക് നല്ല വിശ്വാസമുണ്ട്. നമ്മുടെ യുവതലമുറ ലോകത്തിലെ തന്നെ മികച്ചവരാണ്. അത് പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു.

ആളുകൾ എല്ലാം കാണുന്നുണ്ട്. മറ്റുള്ളവർ പറയുന്നത് കേട്ട് സ്വാധീന വലയത്തിൽ പെടില്ല. നമ്മുടെ രാജ്യത്തിൻറെ വികസനവും വളർച്ചയും ഒരിക്കലും നിൽക്കാൻ പാടില്ല..”, രശ്മിക പറഞ്ഞു. എല്ലാവരും വോട്ട് ചെയ്യണമെന്നും രശ്മിക അഭിപ്രായപ്പെട്ടു. ബിജെപിയുടെ പിആർ രശ്മിക ഏറ്റെടുത്തോ, റോഡുകൾ അല്ലാതെ എന്ത് നല്ലതാണ് ഇന്ത്യയിൽ സംഭവിച്ചിട്ടുള്ളത് എന്നൊക്കെ ചിലർ വീഡിയോയുടെ താഴെ കമന്റും ചെയ്തിട്ടുണ്ട്.