‘നാളെ കാണാം മോളെ എന്ന് യാത്ര പറഞ്ഞു പോയ സാറിന്റെ മുഖം ഇപ്പോഴും മനസ്സിലുണ്ട്..’ – വേദന പങ്കുവച്ച് രക്ഷ രാജ്

ഏഷ്യാനെറ്റിലെ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന സാന്ത്വനം എന്ന പരമ്പരയുടെ സംവിധായകൻ ആദിത്യന്റെ മരണം ഈ കഴിഞ്ഞ ദിവസമാണ് സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 47 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിന്റെ വിയോഗത്തിൽ സാന്ത്വനം കുടുംബത്തിലെ താരങ്ങളെ വിങ്ങിപ്പൊട്ടുന്ന കാഴ്ചകൾ മലയാളികൾ കണ്ടിരുന്നു. ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്തവരാണ് പലരും.

സാന്ത്വനം സീരിയലിൽ അപർണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി രക്ഷ രാജ് ഇപ്പോൾ അദ്ദേഹത്തിന്റെ വിയോഗത്തിന്റെ വേദന പങ്കുവച്ചിരിക്കുകയാണ്. “സാർ വിട്ടു പോയെന്ന് വിശ്വസിക്കാൻ ഇപ്പോഴും മനസ്സ് അനുവദിക്കുന്നില്ല. അവസാന ദിവസം രാത്രി ഷൂട്ട് കഴിഞ്ഞ് ‘നാളെ കാണാം മോളെ’ എന്ന് യാത്ര പറഞ്ഞുപോയ സാറിന്റെ മുഖം ഇപ്പോഴും മനസ്സിൽ അതുപോലെ തന്നെയുണ്ട്.

കഴിഞ്ഞ മൂന്ന് വർഷമൊരു ഗുരുനാഥനായ ഒരു ജേഷ്ഠനെപോലെ എന്റെ നല്ല സുഹൃത്തായി കൂടെയുണ്ടായിരുന്ന ആൾ. അദ്ദേഹത്തിന്റെ വിയോഗം ഇപ്പോഴും ഉൾകൊള്ളാൻ കഴിയുന്നില്ല. അപ്പുവെന്ന കഥാപാത്രം എന്നെ വിശ്വസിച്ച് ഏൽപ്പിക്കുമ്പോൾ അദ്ദേഹം പറഞ്ഞത് എല്ലാ ഇമോഷൻസും പെർഫോം ചെയ്യാനുള്ള ഒരു കഥാപാത്രം ആണെന്നും എവിടെയെങ്കിലും ഒന്ന് പാളിപ്പോയാൽ കഥാപാത്രത്തിന്റെ ഡെപ്ത് നഷ്ടപ്പെടും എന്നാണ്.

ഇന്നീ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. ഈ ഒരുപോസ്റ്റ് ഇടണമെന്ന് കരുതിയതല്ല, സാറിനെ കുറിച്ച് എത്ര എഴുതിയാലും അത് മുഴുവനുമാവില്ല. കണ്ണ് നിറയാതെ സാറിനെ കുറിച്ച് ഒരു വാക്കുപോലും എഴുതാനോ പറയാനോ പറ്റുന്നില്ല. ആദിത്യൻ സാറിന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാവുമെന്ന് വിശ്വാസത്തോടെ സാറിന് എന്നും പ്രിയപ്പെട്ട അപ്പു..”, രക്ഷ രാജ് കുറിച്ചു.