രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലർ സിനിമ തിയേറ്ററുകളിൽ റിലീസിനായി കാത്തിരിക്കുകയാണ്. ഓഗസ്റ്റ് പത്തിനാണ് സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. മലയാളികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കാൻ സിനിമയ്ക്ക് മറ്റൊരു കാരണം കൂടിയുണ്ട്. മലയാളത്തിന്റെ സ്വന്തം ‘മോഹൻലാൽ’ സിനിമയിൽ അതിഥി വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
സെൻസറിങ് കഴിഞ്ഞ സിനിമയുടെ സർട്ടിഫിക്കറ്റിലൂടെ മോഹൻലാലിൻറെ കഥാപാത്രത്തിന്റെ പേര് മാത്യു എന്നാണെന്ന് ആരാധകർ മനസ്സിലാക്കി കഴിഞ്ഞു. ക്ലൈമാക്സിലും മോഹൻലാൽ-രജനികാന്ത് കോംബോ സ്‌ക്രീനിൽ വരുന്നുണ്ടെന്നും ഏകദേശം ഉറപ്പായി കഴിഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങ് നടന്നത്. അതിൽ രജനി മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
“മോഹൻലാൽ.. എന്തൊരു മനുഷ്യൻ.. മഹാനടനാണ്.. എന്നെ അദ്ദേഹം അത്ഭുതപ്പെടുത്തി..”, എന്നായിരുന്നു രജനിയുടെ വാക്കുകൾ. നെൽസണും മോഹൻലാലിനെ കുറിച്ച് പറയുകയുണ്ടായി. കഥ പോലും കേൾക്കാതെയാണ് രജനിയോടൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ട് മോഹൻലാൽ സിനിമ തിരഞ്ഞെടുത്തതെന്ന് നെൽസൺ വെളിപ്പെടുത്തി. “എന്നെ നേരിട്ട് വിളിച്ചാണ് താൻ ചിത്രത്തിൽ അഭിനയിക്കുന്ന കാര്യം മോഹൻലാൽ സാർ അറിയിച്ചത്.
കഥയുടെ മേന്മയല്ല! രജനി സാറിനോടുള്ള ഇഷ്ടംകൊണ്ടാണ് ഇതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പക്ഷേ ആ അവസരം ഒരിക്കലും ദുരുപയോഗം ചെയ്യരുതെന്നും ഞാനും ഉറപ്പിച്ചു. ലാൽ സാറിന് വേണ്ടതെല്ലാം സിനിമയിൽ ഒരുക്കിയുണ്ടെന്നാണ് എന്റെ വിശ്വാസം..”, നെൽസൺ മോഹൻലാലിനെ കുറിച്ച് പറഞ്ഞു. കന്നഡ സൂപ്പർസ്റ്റാർ ശിവരാജ് കുമാറും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ നിന്ന് വിനായകനും പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിട്ടുണ്ട്.