‘ജയറാമിനെ മുഖാമുഖം കണ്ടിട്ട് 7 വർഷമായി, പിണക്കത്തിന് കാരണം അറിയില്ല..’ – വെളിപ്പെടുത്തി രാജസേനൻ

മലയാള സിനിമയിൽ മോഹൻലാൽ-പ്രിയദർശൻ എന്ന് പറഞ്ഞപോലെ ഒരുപാട് ആഘോഷിച്ച ഒരു കൂട്ടുകെട്ട് ആയിരുന്നു ജയറാം-രാജസേനൻ. മേലേപ്പറമ്പിലെ ആൺവീട്, സിഐഡി ഉണ്ണികൃഷ്ണൻ, അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കണ്മണി, ദി കാർ, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ അങ്ങനെ നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. ഒരു സമയം കഴിഞ്ഞ് ഇരുവരും ഒരുമിച്ച് സിനിമകൾ വന്നില്ല. അതിന്റെ കാരണം ഇപ്പോൾ രാജസേനൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്.

‘ഞാനും ജയറാം പതിനാറ് സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. പക്ഷേ ഇടയ്ക്ക് ഒന്നും ഒന്നരയും വർഷത്തെ ഗ്യാപ് ഒക്കെ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഏഴ് വർഷത്തെ ഗ്യാപായി. ഇനി അത് ഉണ്ടാവുമെന്ന് തോന്നുന്നില്ല. പ്രശ്നങ്ങൾ ഇല്ലാതെ പിണങ്ങി പോയ കഥകളുണ്ടല്ലോ! ഒരു പ്രശ്നവുമില്ല, തമ്മിൽ മിണ്ടാതില്ല, കണ്ടാൽ സംസാരിക്കില്ല, ഫോൺ ചെയ്തില്ല, ഫോൺ ചെയ്താൽ എടുക്കത്തില്ല. അങ്ങനെയായി പോയി ഇപ്പോൾ. മുഖാമുഖം കണ്ടിട്ട് ഏഴ് വർഷത്തോളമായി.

ഇനി ആ കോംബോയിൽ സിനിമ സംശയമാണ്. കാരണം കണ്ടാൽ മിണ്ടാത്തവരായി സിനിമ ചെയ്യാൻ പറ്റുമോ? ഒരു സിനിമ ചെയ്യുക എന്ന് പറഞ്ഞാൽ നായകനും സംവിധായകനുമായി അസാമാന്യമായ ഒരു ബന്ധം വേണം. ഒന്ന് പൊട്ടിത്തെറിച്ചാൽ പോലും രണ്ട് മിനിറ്റ് മാറിയിരുന്നിട്ട് വീണ്ടും തിരിച്ചുവന്നിട്ട് നമ്മുക്ക് തുടങ്ങാം എന്ന് പറയുന്ന പോലത്തെ രണ്ട് സുഹൃത്തുക്കൾ ആയിരിക്കണം സംവിധായകനും ആർട്ടിസ്റ്റും. ആ സൗഹൃദം സിനിമയിൽ ഞങ്ങൾ രണ്ട് പേർക്കും ഗുണം ചെയ്തിട്ടുണ്ട്.

നല്ല കുറച്ച് സിനിമകൾ ഉണ്ടാക്കാൻ പറ്റി. ആ വേർപ്പാട് രണ്ട് പേർക്കും നഷ്ടവുമുണ്ടാക്കി. എന്തിനാണ് പിരിഞ്ഞു പോയതെന്ന് കാര്യം അറിഞ്ഞാൽ മാത്രമല്ലെ അത് തീർപ്പാക്കാൻ പറ്റുകയുള്ളൂ. ചേർന്ന് നിന്നവർ മാക്സിമം ദൂരത്തേക്ക് പോയിട്ടുണ്ട്. അത് അങ്ങനെ തന്നെ നിൽക്കട്ടെ..”, രാജസേനൻ പറഞ്ഞു. ജയറാമും രാജസേനനും തിങ്കൾ മുതൽ വെള്ളി വരെ എന്ന സിനിമയിലാണ് അവസാനമായി ഒരുമിച്ച് വർക്ക് ചെയ്തത്. അതിൽ രാജസേനൻ ഒരു അതിഥി വേഷത്തിൽ അഭിനയിച്ചിരുന്നു.