മലയാള സിനിമയിൽ എൺപതുകളിൽ ഏറെ ഓളമുണ്ടാക്കിയ താരമാണ് നടൻ റഹ്മാൻ. മലയാളത്തിലെ ചോക്ലേറ്റ് ഹീറോയായി അറിയപ്പെട്ട റഹ്മാൻ, മോഹൻലാൽ-മമ്മൂട്ടിക്ക് ഒപ്പം സജീവമായി സിനിമയിൽ നിൽക്കുകയും ചെയ്തു. പക്ഷേ തൊണ്ണൂറുകൾ ആരംഭത്തോടെ റഹ്മാൻ പതിയെ സിനിമയിൽ നിന്ന് വിട്ടുനിന്നു. 1993-ലാണ് റഹ്മാൻ വിവാഹിതനാകുന്നത്. അതിന് ശേഷം വളരെ കുറച്ച് സിനിമകളാണ് റഹ്മാൻ ചെയ്തത്.
2004-ൽ ബ്ലാക്കിലും 2005-ൽ രാജമാണിക്യത്തിലും മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ച് റഹ്മാൻ തിരിച്ചുവരവ് നടത്തി. അതിന് ശേഷം ഇടയ്ക്കിടെ വർഷത്തിൽ ഒരു സിനിമ എങ്കിലും റഹ്മാൻ ചെയ്യുന്നുണ്ട്. മലയാളത്തിൽ അല്ലെങ്കിൽ തമിഴിലോ തെലുങ്കിലോ ഒക്കെ റഹ്മാൻ സജീവമായി നിൽക്കുന്നുണ്ട്. മണിരത്‌നത്തിന്റെ പൊന്നിയൻ സെൽവത്തിന്റെ രണ്ട് ഭാഗങ്ങളിലും വളരെ പ്രധാനപ്പെട്ട ഒരു റോളിൽ റഹ്മാൻ അഭിനയിച്ചിരുന്നു.
രണ്ട് പെണ്മക്കളാണ് റഹ്മാനുള്ളത്. മൂത്തമകളുടെ വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞുമുണ്ട്. മുത്തച്ഛനായെങ്കിലും റഹ്മാനെ കണ്ടാൽ ഇപ്പോഴും ചെറുപ്പക്കാരനെ പോലെയാണ്. ഇപ്പോഴിതാ മാതൃദിനത്തിൽ ഭാര്യയുടെ മക്കളുടെയും ചിത്രം പങ്കുവച്ചുകൊണ്ട് ഏവർക്കും ആശംസകൾ നേർന്നിരിക്കുകയാണ് റഹ്മാൻ. “അമ്മയുടെ ജോലിയേക്കാൾ വലുതും കടുപ്പമേറിയതും കഠിനവുമായ ഒന്നും തന്നെയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.
ശമ്പളമില്ലാതെ ഒരു വ്യക്തി നടത്തുന്ന സങ്കീർണ്ണമായ ഭരണ സംവിധാനം. മാതൃദിനാശംസകൾ.. നല്ല ആശംസകളും സന്തോഷവും. എൻ്റെ അമ്മയ്ക്കും എൻ്റെ സഹോദരി ഷമീം റഹ്മാനും എൻ്റെ ഭാര്യയ്ക്കും എൻ്റെ മകൾക്കും..”, റഹ്മാൻ ചിത്രത്തോടൊപ്പം കുറിച്ചു. ഭാര്യ മെഹറുന്നിസ, മക്കളായ റുഷ്‌ദ റഹ്മാൻ, അലീഷാ റഹ്മാൻ, കൊച്ചുമകൻ അയാൻ റഹ്മാൻ എന്നിവരാണ് ചിത്രത്തിലുള്ളത്. റഹ്മാന് തിരിച്ചും ആരാധകർ ആശംസകൾ നേർന്നു.