മഞ്ജു വാര്യർ നായികയായി അഭിനയിച്ച സൈറ ഭാനു എന്ന സിനിമയ്ക്ക് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘പ്രിയൻ ഓട്ടത്തിലാണ്’ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഷറഫുദ്ധീൻ, നൈല ഉഷ, അപർണ ദാസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രത്തിൽ ഒരുപാട് താരങ്ങൾ വേറെയും അഭിനയിക്കുന്നുണ്ട്.
സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് അഭയാകുമാറും അനിൽ കുര്യനും ചേർന്നാണ്. പി.എം ഉണ്ണികൃഷ്ണനാണ് ക്യാമറ ചെയ്തിരിക്കുന്നത്. ഒരു പഴയ സത്യൻ അന്തിക്കാട് സിനിമ കാണുന്ന ഫീൽ പോലെയാണ് ട്രെയിലർ കണ്ടാൽ തോന്നുന്നത്. ഒരു ഫീൽ ഗുഡ് ഫാമിലി ചിത്രമായിരിക്കും ഇതെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.
ത്രില്ലർ, മാസ്സ് സിനിമകൾ മാത്രം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്ക് മുന്നിലേക്കാണ് ഇത്തരം ഫാമിലി ചിത്രം വരുന്നത്. നീയും ഞാനും എന്ന സിനിമയ്ക്ക് ശേഷം ഷറഫുദ്ധീൻ വീണ്ടും നായകനായി അഭിനയിക്കുന്ന സിനിമ കൂടിയാണ്. അതും ടൈറ്റിൽ റോളിലാണ് ഷറഫുദീൻ അഭിനയിക്കുന്നത്. പ്രിയദർശൻ എന്ന കഥാപാത്രമാണ് ഷറഫുദീൻ അവതരിപ്പിക്കുന്നത്.
മോഹൻലാൽ നായകനായ ബാലേട്ടൻ എന്ന സിനിമയിലേത് പോലെ മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് വേണ്ടി ഓടി നടക്കുന്ന ഒരു ചെറുപ്പകാരനായിട്ടാണ് ട്രെയിലറിൽ കാണിച്ചിരിക്കുന്നത്. അശോകൻ, ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, സുധി കോപ്പ, ബാലു, ഷാജു ശ്രീധർ, അനാർക്കലി മരിക്കാർ തുടങ്ങിയ താരങ്ങൾ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ട്രെയിലറിൽ തന്നെ ഒരുപാട് നർമ്മ മുഹൂർത്തങ്ങളുണ്ട്.