കൊച്ചിയിലെ തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ മെക്കാനിക്കൽ ആനയെ നടക്കിരുത്തി തെന്നിന്ത്യൻ നടി പ്രിയാമണി. പ്രിയാമണിയും പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ്(പെറ്റ) എന്ന മൃഗസ്നേഹികളുടെ സംഘടനയും ചേർന്നാണ് ക്ഷേത്രത്തിന് യാത്ര ആനയെ നടക്കിരുത്തിയത്. തലയെടുപ്പുള്ള യന്ത്ര ആനയെ കാണാൻ നിരവധി ഭക്തരാണ് ഇപ്പോൾ ക്ഷേത്രത്തിലേക്ക് എത്തുന്നത്.
മൂന്ന് മീറ്റർ ഉയരവും 800 കിലോ ഭാരവുമാണ് യന്ത്ര ആനയ്ക്കുള്ളത്. ഈ ആനയാകും ഇനി മുതൽ ക്ഷേത്ര ചടങ്ങുകളുടെ ഭാഗമാകുന്നത്. വടക്കൻ പറവൂരിലെ ആനമേക്കർ സ്റ്റുഡിയോയാണ് യന്ത്ര ആനയുടെ നിർമ്മാതാക്കൾ. ഏകദേശം അഞ്ച് ലക്ഷം രൂപയാണ് ആനയെ നിർമ്മിക്കാൻ ചിലവായിട്ടുള്ളത്. യന്ത്ര ആനയെ നടക്കിരുത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് താരം പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
സാങ്കേതിക വിദ്യയുടെ സഹായത്താൽ നമ്മുടെ സമ്പന്നമായ സാംസ്കാരിക ആചാരങ്ങളും പൈതൃകവും നിലനിർത്താനും മൃഗങ്ങളെ ഉപദ്രവിക്കാതിരിക്കാനും കഴിയുമെന്ന് താരം പറഞ്ഞു. ഭക്തരെ സുരക്ഷിതമായും മൃഗസൗഹൃദമായും മംഗളകരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവദിക്കുന്നതിനായി യന്ത്ര ആനയെ സംഭാവന ചെയ്യുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും പ്രിയാമണി അറിയിച്ചു.
ക്ഷേത്രത്തിൽ നടന്ന നടക്കിരുത്ത് ചടങ്ങുകൾക്ക് ശേഷം മാസ്റ്റർ വേദാർത്ഥ് രാമനും സംഘവും അവതരിപ്പിച്ച പരമ്പരാഗത ചെണ്ടമേളവും വേണു മാരാരും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യവും നടന്നു. പ്രിയാമണിയുടെ ഈ പ്രവർത്തിയെ അഭിനന്ദിച്ച് മലയാളികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും പങ്കുവെക്കുന്നുണ്ട്. ക്ഷേത്രച്ചടങ്ങുകളിൽ ഇത്തരം യന്ത്ര ആനയെ വേണം ഉപയോഗിക്കാൻ എന്നും പലരും അഭിപ്രായപ്പെട്ടു.