February 28, 2024

‘അന്നേ ഞാൻ പൃഥ്വിയുടെ കൂടെയുണ്ട്, പൃഥ്വി ബി.എം.ഡബ്ല്യൂ വാങ്ങിയ ദിവസം..’ – ചിത്രം പങ്കുവച്ച് സുപ്രിയ മേനോൻ

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിലൂടെ അരങ്ങേറി ഇന്ന് മലയാളത്തിലെ സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തി നിൽക്കുന്ന താരമാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. പാൻ ഇന്ത്യ ലെവലിൽ മലയാള സിനിമയെ എത്തിക്കുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ഒരാളുകൂടിയാണ് പൃഥ്വിരാജ്. സംവിധാനം ചെയ്യണമെന്നുള്ള ആഗ്രഹവും നിറവേറ്റിയ പൃഥ്വിരാജ് അതിന്റെ രണ്ടാം പാർട്ടിന്റെ പണിപ്പുരയിലാണ്.

ബി.ബി.സി ഇന്ത്യയിൽ റിപ്പോർട്ടർ ആയിരുന്ന സുപ്രിയ മേനോനും പ്രണയത്തിലായിരുന്ന പൃഥ്വിരാജ് 2011 ഏപ്രിലാണ് സുപ്രിയയെ വിവാഹം ചെയ്യുന്നത്. 2014-ൽ അലംകൃത എന്ന പേരിൽ ഒരു മകളും ദമ്പതികൾക്ക് ജനിച്ചു. സുപ്രിയയുമായി പ്രണയത്തിലായിരുന്നുവെന്ന് പല അഭിമുഖങ്ങളിലും പൃഥ്വിരാജ് പറഞ്ഞിട്ടുണ്ടായിരുന്നു. ഇരുവരുടെയും വിവാഹത്തിന് മുമ്പുള്ള ഒരു ഫോട്ടോ സുപ്രിയ പങ്കുവച്ചിരിക്കുകയാണ്.

പോക്കിരിരാജ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് എടുത്ത ചിത്രമാണ് സുപ്രിയ പങ്കുവച്ചത്. പൃഥ്വിരാജ് ബി.എം.ഡബ്ല്യൂ ഇസ്ഡ് 4 സ്വന്തമാക്കിയ സമയത്ത് എടുത്ത ഫോട്ടോയാണ് ഇത്. പൃഥ്വിരാജിന്റെ ജീവിതത്തിലെ പല പ്രധാനപ്പെട്ട ചടങ്ങുകളിലും തന്റെ സാനിദ്ധ്യം പണ്ടേയുണ്ടായിരുന്നു എന്നാണ് സുപ്രിയ ചിത്രങ്ങളിലൂടെ തെളിയിച്ചിരിക്കുന്നത്. രണ്ട് പേരുടെയും പഴയ ലുക്കും ശ്രദ്ധേയമാണ്.

‘2009 അല്ലെങ്കിൽ 2010!! ഒരു തിരിച്ചുപോക്ക്.. കൃത്യമായ തീയതികൾ ഓർമ്മയില്ല. പോക്കിരിരാജയുടെ ചിത്രീകരണത്തിലായിരുന്നു അന്ന് പൃഥ്വി. ഈ ഇസ്ഡ് 4വാങ്ങിയ ദിവസമായിരുന്നു അത്. ഒഫീഷ്യൽ ചിത്രങ്ങളിലൊന്നും ഞാനില്ലായിരുന്നു, പക്ഷേ ഞാൻ അവിടെയുണ്ടായിരുന്നു..”, സുപ്രിയ ചിത്രത്തിന് ഒപ്പം കുറിച്ചു. സുപ്രിയയ്ക്ക് വർഷം ഓർമ്മയില്ലേലും പൃഥ്വിരാജിന്റെ ആരാധകന് ഡേറ്റ് കൃത്യമായി ഓർമ്മയുണ്ട്.