‘നായകനായും സംവിധായകനായും 100 കോടി! ഈ നേട്ടം പൃഥ്വിരാജിന് മാത്രം സ്വന്തം..’ – ഏറ്റെടുത്ത് ആരാധകർ

ബോക്സ് ഓഫീസിൽ നൂറ് കോടി നേടി പൃഥ്വിരാജ് സുകുമാരൻ നായകനായ ചിത്രമായ ആടുജീവിതം. ഈ കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് ചിത്രമായ ആടുജീവിതം 100 കോടി കളക്ഷൻ നേടിയത്. ഇതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പൃഥ്വിരാജ് തന്നെ അറിയിക്കുകയും ചെയ്തു. 100 കോടി ക്ലബിൽ ചിത്രം കയറുമെന്ന് ഏകദേശം ഉറപ്പായിരുന്നു. അതും അതിവേഗം മലയാളത്തിൽ നൂറ് കോടി നേടുന്ന സിനിമയായി മാറി.

മറ്റൊരു അപൂർവമായ നേട്ടത്തിന് കൂടി പൃഥ്വിരാജ് അതിലൂടെ സ്വന്തമാക്കിയിരിക്കുകയാണ്. നായകനായി അഭിനയിച്ച ചിത്രവും സംവിധായകനായ ചിത്രവും നൂറ് കോടി ക്ലബിൽ ഇടംപിടിച്ച ഏക താരമായി മലയാളത്തിൽ പൃഥ്വിരാജ് മാറിയിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ 127 കോടിയാണ് ആഗോളതലത്തിൽ നേടിയിട്ടുള്ളത്. നായകനായി അഭിനയിച്ച ആടുജീവിതം കഴിഞ്ഞ ദിവസം 100 കോടി പിന്നിട്ടു.

ഇനി മറ്റൊരു താരത്തിന് ഇതുപോലെയൊരു നേട്ടം സ്വന്തമാക്കാൻ സാധിക്കുമോ എന്നത് സംശയമാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫർ. മോഹൻലാലിനെ നായകനായി സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ മികച്ച മാസ്സ് ഡ്രാമ ചിത്രങ്ങളിൽ ഒന്നാണ്. അതിന്റെ രണ്ടാം ഭാഗം പൃഥ്വിരാജ് ഷൂട്ടിംഗ് ആരംഭിച്ചിട്ടുമുണ്ട്. നൂറ് കോടിയിൽ ഇരുനൂറ് കോടിയാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളിൽ ആറാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ആടുജീവിതം. മഞ്ഞുമേൽ ബോയ്സ്, 2018, പുലിമുരുകൻ, പ്രേമലു, ലൂസിഫർ എന്നീ സിനിമകളാണ് ഇനി മുന്നിലുള്ളത്. മോഹൻലാലിൻറെ തന്നെ നേര്, മമ്മൂട്ടിയുടെ ഏറ്റവും കളക്ഷൻ നേടിയ ചിത്രമായ ഭീഷ്മപർവം, ആർഡിഎക്സ്, കണ്ണൂർ സ്‌ക്വാഡ് എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റ് നാല് സിനിമകൾ.