അവതാരകയും നടിയുമായ പേളി മാണി തന്റെ പുതിയ വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. താൻ രണ്ടാമതും ഗർഭിണിയായ വിവരമാണ് പേളി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ബിഗ് ബോസിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായി സീരിയൽ താരമായ ശ്രീനിഷ് അരവിന്ദിനെയാണ് പേളി വിവാഹം ചെയ്തത്. 2019-ലായിരുന്നു പേളിയുടെ വിവാഹം. 2021-ൽ പേളിക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു.
നേരത്തെ തന്നെ പേളി വീണ്ടും ഗർഭിണിയാണെന്ന് തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ പേളി തന്നെ ആ കാര്യം സ്ഥിരീകരിച്ചു. “ലെ നില – അമ്മടെ വയറ്റിൽ കുഞ്ഞു വാവ, ഡാഡിടെ വയറ്റിൽ ദോശ’. ഈ മനോഹരമായ വാർത്ത നിങ്ങളുമായി പങ്കിടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങൾ രണ്ടാം കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണ്. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം..”, പേളി കുറിച്ചു.
പേളി ഈ വിവരം പങ്കുവെച്ചതോടെ താരത്തിന്റെ സുഹൃത്തുക്കളും സിനിമ താരങ്ങളും ഉൾപ്പടെയുള്ളവർ ആശംസകൾ അറിയിച്ച് കമ്മന്റുകളുമായി എത്തിയിട്ടുണ്ട്. അശ്വതി ശ്രീകാന്ത്, ശ്രുതി രജനികാന്ത്, പ്രിയാമണി, ഷംന കാസിം, മുക്ത, ലക്ഷ്മി നക്ഷത്ര, സൗഭാഗ്യ വെങ്കിടേഷ്, സ്നേഹ ശ്രീകുമാർ, ബഷീർ ബാഷി, ലക്ഷ്മി മേനോൻ തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ പേളിക്കും ശ്രീനിഷിനും ആശംസകൾ അറിയിച്ച് കമന്റ് ഇട്ടിട്ടുണ്ട്.
മകൾ നിലയ്ക്ക് ഒപ്പമുള്ള ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് പേളി ഈ കാര്യം ആരാധാകരെ അറിയിച്ചത്. പേളിയുടെ അനിയത്തിയുടെ കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ഈ കഴിഞ്ഞ ദിവസമാണ് ആഘോഷപൂർവം നടത്തിയത്. അതിന്റെ ചിത്രങ്ങളും പേളി പോസ്റ്റ് ചെയ്തിരുന്നു. ബിഗ് ബോസ് മലയാളം സീസൺ വണിലാണ് പേളിയും ശ്രീനിഷും മത്സരിച്ചത്. അതിൽ പേളി മാണി രണ്ടാം സ്ഥാനം നേടുകയും ചെയ്തിരുന്നു.