February 29, 2024

‘കള്ള വോട്ട് ചെയ്‌ത്‌ ഗ്രേസ് ആന്റണി, കൂട്ടുനിന്ന് ശ്രീനാഥ് ഭാസി!! പടച്ചോനെ ഇങ്ങള് കാത്തോളീ ടീസർ..’ – വീഡിയോ കാണാം

രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമകൾ എന്നും മലയാളികൾ ഇഷ്ടപ്പെടുന്ന ഒരു ജോണറാണ്. സന്ദേശവും പഞ്ചവടിപ്പാലവും വെള്ളിമൂങ്ങയും ഒക്കെ സ്വീകരിച്ചിട്ടുള്ള മലയാളികൾ ഇന്നും അത്തരം സിനിമകൾക്ക് ഏറെ താല്പര്യം കാണിക്കാറുണ്ട്. മലയാള സിനിമയിലേക്ക് വീണ്ടുമൊരു രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രം വരുന്നുവെന്ന് സൂചന തന്നുകൊണ്ട് പുതിയ സിനിമയുടെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്.

ശ്രീനാഥ് ഭാസി പ്രധാന വേഷത്തിൽ എത്തുന്ന ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ എന്ന സിനിമയുടെ രസകരമായ ടീസറാണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. ബിജിത് ബാലയാണ് ചിത്രത്തിന്റെ സംവിധായകൻ. ശ്രീനാഥ് ഭാസിയെ കൂടാതെ ഗ്രേസ് ആന്റണി, ആൻ ശീതൾ എന്നിവരാണ് മറ്റ് പ്രധാന റോളുകളിൽ അഭിനയിക്കുന്നത്. പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങളാണ് ടീസറിൽ തന്നെ കാണിച്ചിരിക്കുന്നത് സിനിമയുടെ പ്രതീക്ഷ കൂട്ടുന്നു.

കള്ളവോട്ട് ചെയ്യുന്ന ഗ്രേസിന്റെ കഥാപാത്രവും അതിന് കൂട്ടുനിൽക്കുന്ന ശ്രീനാഥ് ഭാസിയുടെ കഥാപാത്രവുമാണ് ടീസറിൽ നിറഞ്ഞ് നിൽക്കുന്നത്. ഗ്രേസ് ഓരോ വേഷത്തിലും പേരിലും വന്ന് കള്ള വോട്ട് ചെയ്യുകയും ഒടുവിൽ നിസ്സഹായനായ പ്രെസിഡിങ് ഓഫീസർ ഇനി വരരുതെന്ന് പോളിംഗ് ഏജന്റായ ശ്രീനാഥ് ഭാസിയുടെ കഥാപാത്രത്തോട് പറയുന്നതും ടീസറിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കും.

വിജിലേഷ്, നിർമൽ പാലാഴി, ജോണി ആന്റണി, ദിനേശ് പ്രഭാകർ, പാഷാണം ഷാജി, മാമുക്കോയ, രസ്ന പവിത്രൻ തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ടൈനി ഹാൻഡ്‌.സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ജോസുകുട്ടി മഠത്തിലും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ഷാൻ റഹ്മാനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. പ്രദീപ് കുമാറാണ് തിരക്കഥ.