ബിജു മേനോനെ നായകനാക്കി ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്. ജി.ആർ ഇന്ദുഗോപന്റെ “അമ്മിണി പിള്ള വെട്ടുകേ.സ്’ എന്ന കഥയെ ആസ്പദമാക്കി രാജേഷ് പിന്നാടൻ തിരക്കഥ എഴുതുന്ന സിനിമയിൽ ബിജു മേനോനെ കൂടാതെ റോഷൻ മാത്യു, നിമിഷ സജയൻ, പദ്മപ്രിയ എന്നിവരാണ് പ്രധാന റോളുകളിൽ അഭിനയിക്കുന്നത്. ഓണം റിലീസായിട്ടാണ് സിനിമ ഇറങ്ങുന്നത്.
അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ സിനിമ ഉറ്റുനോക്കുന്നത്. സിനിമയുടെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ബിജു മേനോൻ അമ്മിണി പിള്ള എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. റോഷൻ മാത്യു പൊടിയനായും നിമിഷ സജയൻ വാസന്തിയായും പദ്മപ്രിയ അമ്മിണി പിള്ളയുടെ ഭാര്യയുടെ റോളിലുമാണ് അഭിനയിക്കുന്നത്. ഇവരെ കൂടാതെ വേറെയും ഒരുപിടി താരങ്ങളുണ്ട്.
സിനിമ ഗംഭീരമായിരിക്കുമെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. ടൈറ്റിൽ പോലെ തന്നെ അടിയോട് അടി ആയിരിക്കും സിനിമയെന്ന് വ്യക്തമാണ്. പ്രതികാരവും പകവും തിരിച്ചടിയും പ്രണയവും എല്ലാം ചേർന്നതായിരിക്കും സിനിമയെന്ന് ട്രെയിലറിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. റോഷൻ മാത്യുവിന്റെയും ബിജു മേനോന്റെയും ഒരു കിടിലം പ്രകടനം തന്നെ കാണാൻ സാധിക്കുമെന്ന് ഉറപ്പാണ്.
ഇ4 എന്റെർറ്റൈന്മെന്റും ന്യൂ സൂര്യ ഫിൽംസും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. മധു നീലകണ്ഠനാണ് ക്യാമറ ചെയ്തിരിക്കുന്നത്. മനോജ് കണ്ണോതാണ് എഡിറ്റിംഗ്. അഖിൽ കവലയൂർ, അശ്വത് ലാൽ, റെജു ശിവദാസ്, അസീസ് നെടുമങ്ങാട്, [പ്രശാന്ത് മുരളി, നീരജ രാജേന്ദ്രൻ തുടങ്ങിയ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജ്-അൽഫോൺസ് ടീമിന്റെ ഗോൾഡിന്റെ കൂടെയാണ് ഇത് റിലീസ് ചെയ്യുന്നത്.