ലൂസിഫറിന് ശേഷം പൃഥ്വിരാജ്-മോഹൻലാൽ-ആന്റണി പെരുമ്പാവൂർ എന്നിവർ ഒന്നിച്ച ബ്രോ ഡാഡി എന്ന സിനിമയിൽ ഡിസ്നി ഹോട്ട് സ്റ്റാറിൽ മികച്ച അഭിപ്രായം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. ഒരു കംപ്ലീറ്റ് ഫാമിലി കോമഡി എന്റർടൈനറായ ബ്രോ ഡാഡി കുടുംബത്തോടൊപ്പം കാണാൻ പറ്റുന്ന ഒരു നല്ല കൊച്ചു സിനിമയാണ്. കണ്ട ഭൂരിഭാഗം പ്രേക്ഷകരും നല്ല അഭിപ്രായമാണ് സിനിമയെ കുറിച്ച് പറഞ്ഞത്.
ഇപ്പോഴിതാ സംവിധായകൻ ഒമർ ലുലു പൃഥ്വിരാജിന് നന്ദി പറഞ്ഞുകൊണ്ട് ഒരു പോസ്റ്റുമായി രംഗത്ത് വന്നിരിക്കുകയാണ്. “ബ്രോ ഡാഡി തന്നതിന് പൃഥ്വിരാജിന് നന്ദി, ഇല്ലെങ്കിൽ ഞാൻ മാത്രം ഒറ്റപ്പെട്ടു പോയേനെ..” എന്ന ക്യാപ്ഷനോടെ നാടോടിക്കാറ്റ് എന്ന സിനിമയിൽ മോഹൻലാലും ശ്രീനിവാസനും നിൽക്കുന്ന ഒരു ഫോട്ടോയോടൊപ്പം ഒമർ ലുലു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
ഇത് കൂടാതെ കമന്റിൽ “രാജുവേട്ടനോട് ഞാൻ ജീവിതകാലം മുഴുവൻ കടപ്പെട്ടിരിക്കും.. ഒറ്റപ്പെട്ടു പോയ എന്നെ കൂടെ നിന്ന് രക്ഷിച്ച എന്റെ പങ്കാളിയാണ്.. രാജുവേട്ടൻ ഉയിർ..”, എന്നും കമന്റ് ഇട്ടിട്ടുണ്ട്. എന്നാൽ പോസ്റ്റിന് താഴെ ഒമർ ലുലുവിന് രൂക്ഷവിമർശനമാണ് കേൾക്കേണ്ടി വന്നത്. ബ്രോ ഡാഡി കണ്ടിരിക്കാൻ കൊള്ളാമെന്നും തന്റെ പടം കാണാതെ ഇരുന്നാൽ കൊള്ളാം കൊള്ളാമെന്ന് ഒരാൾ കമന്റ് ഇട്ടു.
ആട്ടിൻകാട്ടവും മുന്തിരിയും തമ്മിലുളള വ്യത്യാസമുണ്ടെന്ന് മറ്റൊരാൾ കമന്റ് ചെയ്തു. ഇത്രയും രൂക്ഷമായ വിമർശനം ഉണ്ടായിട്ടും ഒമർ സാധാരണ ചെയ്യുന്നത് പോലെ പോസ്റ്റ് ഡിലീറ്റാക്കി പോയിട്ടില്ല. ഒമർ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന സിനിമയുമായാണ് ബ്രോ ഡാഡി എന്ന സിനിമ താരതമ്യം ചെയ്തത്. തിയേറ്ററിൽ വലിയ പരാജയം നേരിട്ട് സിനിമയായിരുന്നു ധമാക്ക.