ആത്മസുഹൃത്തിനെ നഷ്ടപ്പെട്ട വേദനയിൽ നടൻ നിവിൻ പോളി. നടന്മാരായ നിവിൻ പൊളിയുടെയും സിജു വിൽസന്റെയും ബാല്യകാല സുഹൃത്തായ ആലുവ സ്വദേശി മാഞ്ഞൂരാൻ വീട്ടിൽ നെവിൻ ചെറിയാൻ(39) ആണ് മരിച്ചത്. അപൂർവമായ രോഗം ബാധിച്ച് ഏറെ നാളുകളായി ചികിത്സയിൽ ആയിരുന്നു നെവിൻ. അമിട്രോഫിക് ലാറ്ററൽ സ്ക്ലീറോസിസ് എന്ന അപൂർവരോഗമാണ് നെവിൻ പിടിപ്പെട്ടത്.
നിവിന്റെ ജന്മദിനമായ ഒക്ടോബർ 11-നായിരുന്നു സുഹൃത്തിന്റെ മരണം സംഭവിച്ചത്. ആരാധകരോട് ആഘോഷ പരിപാടികൾ ഒന്നും വേണ്ടെന്ന് നിവിൻ അറിയിച്ചിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന സമയത്താണ് നെവിൻ ഈ രോഗം സ്ഥിരീകരിക്കുന്നത്. തിരക്കിനിടയിലും രോഗശയ്യയിൽ ആയിരുന്ന തന്റെ പ്രിയ സുഹൃത്തിനെ കാണാൻ സമയം കണ്ടെത്തി ഇടയ്ക്കിടെ നിവിൻ വീട്ടിൽ എത്തുമായിരുന്നു.
സുഹൃത്തിന്റെ വേർപാട് താങ്ങാനാവാതെ വിതുമ്പി കരയുന്ന നിവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വിഷമത്തോടെയാണ് ഇപ്പോൾ മലയാളികൾ കാണുന്നത്. ശവമഞ്ചം എടുക്കുന്നതും അന്ത്യചുംബനം നൽകിയും തന്റെ പ്രിയ സുഹൃത്തിനെ നിറകണ്ണുകളോടെ നിവിൻ യാത്രയാക്കി. നിവിൻ പൊളി ചിത്രമായ പ്രേമത്തിന്റെ സംവിധായകൻ അൽഫോൻസ് പുത്രേന്റെ അടുത്ത ബന്ധു കൂടിയാണ് നെവിൻ.
പേശികളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന അസുഖമായിരുന്നു നെവിന് ഉണ്ടായിരുന്നത്. അമിട്രോഫിക് ലാറ്ററൽ സ്ക്ലീറോസിസ് മൂലം പേശികളുടെ ബലക്ഷയവും തുടർന്ന് ശരീരഭാഗത്തിന്റെ ചലനം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കും എത്തും. പൂർണ്ണരോഗശമനമാർഗ്ഗം ഇതുവരെ ഈ രോഗത്തിന് കണ്ടുപിടിച്ചിട്ടില്ല. ഏഴ് കടൽ ഏഴ് മലൈ എന്ന തമിഴ് സിനിമയാണ് ഇനി നിവിന്റെ വരാനുള്ളത്.