‘നടി നവ്യ നായർക്ക് തല തോർത്തി കൊടുത്ത് അച്ഛൻ! ഭാഗ്യം ചെയ്ത മകളെന്ന് ആരാധകർ..’ – സന്തോഷം പങ്കുവച്ച് താരം

സിനിമ മേഖലയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത അഭിനയത്രിയാണ് നടി നവ്യ നായർ. ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് എത്തിയ നവ്യയെ മലയാളികൾ ആദ്യം കാണുന്നത് കലോത്സവ വേദിയിൽ ഒന്നാം സ്ഥാനം കിട്ടാത്തതിന് വാർത്ത ചാനലുകൾക്ക് മുന്നിൽ പൊട്ടിക്കരയുന്ന ഒരു വിദ്യാർത്ഥിനിയായിട്ടാണ്. ഇന്നും നവ്യയുടെ ആ വീഡിയോ ആളുകളുടെ മനസ്സിലുണ്ട്.

വിവാഹ ശേഷം സിനിമയിൽ നിന്ന് അൽപ്പം ബ്രേക്ക് എടുത്ത നവ്യ ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാണ്. സിനിമയിൽ മാത്രമല്ല, നർത്തകി എന്ന നിലയിലും നവ്യ ഏറെ സജീവമായി നിൽക്കുന്ന സമയമാണ്. ഇപ്പോഴിതാ ഫാദർസ് ഡേയിൽ നവ്യ പങ്കുവച്ച ഒരു മനോഹരമായ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. കുളി കഴിഞ്ഞ് വന്ന നവ്യയുടെ തല തോർത്തി കൊടുക്കുന്ന അച്ഛന്റെ വീഡിയോയാണ് നവ്യ പോസ്റ്റ് ചെയ്തത്.

“ഈ ലുക്കിൽ വീഡിയോ പുറത്ത് വിട്ടതിന് എനിക്ക് വഴക്കുറപ്പാണ്.. പക്ഷേ എനിക്ക് ഇത് ഏറെ പ്രിയപ്പെട്ടതാണ്. ക്ഷെമിസ്ബിഡു.. പദ്മനാഭസ്വാമിയിൽ ഭരതനാട്യ കച്ചേരി നടത്തി കുളി കഴിഞ്ഞു വന്നപ്പോ ഉള്ള വീഡിയോ ആണ്.. ഇങ്ങനെ വിഡിയോയിൽ പകർത്താൻ സാധിക്കാതെ മനസ്സിൽ പതിഞ്ഞുപോയ എത്രയോ നിമിഷങ്ങൾ.. എന്റെ ജീവൻ എന്റെ അച്ഛൻ.. എന്റെ ജീവിതത്തിലെ സൂപ്പർമാന് ഫാദർസ് ഡേ ആശംസകൾ..”, നവ്യ വീഡിയോയ്ക്ക് ഒപ്പം കുറിച്ചു.

ഭാഗ്യം ചെയ്ത മകൾ എന്നാണ് വീഡിയോയുടെ താഴെ ഒരു ആരാധിക കമന്റ് ചെയ്തത്. “അച്ഛൻ അമ്മ എന്ന സത്യത്തിനു അപ്പുറം മറ്റൊന്നും ഇല്ല” എന്നായിരുന്നു നടി ശ്രുതി ലക്ഷ്മി വീഡിയോയുടെ താഴെ ഇട്ട കമന്റ്. “കണ്ണ് നിറഞ്ഞു പോയി, എന്റെ അച്ഛനില്ലായ്മയുടെ കുട്ടികാലവും കൗമാരവുമൊക്കെ മനസിലൂടെ കടന്ന് പോയി..”, വേദനയോടെ മറ്റൊരു ആരാധികയും കമന്റ് ചെയ്തിട്ടുണ്ട്. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.