‘വിവാഹ വാർഷിക ദിനത്തിൽ ആ വിശേഷ വാർത്ത പങ്കുവച്ച് നടൻ നരേൻ..’ – ആശംസകളുമായി മലയാളികൾ

അടൂർ ഗോപാലകൃഷ്ണൻ തിരക്കഥ എഴുതി സംവിധാനം ചെയ്‌ത്‌ ഒടുവിൽ ഉണ്ണികൃഷ്ണൻ പ്രധാന വേഷത്തിൽ അഭിനയിച്ച നിഴൽക്കൂത്ത് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടൻ നരേൻ. പിന്നീട് ഫോർ ദി പീപ്പിൾ എന്ന സിനിമയിൽ പൊലീസ് വേഷത്തിൽ അഭിനയിച്ച ശ്രദ്ധനേടി. അച്ചുവിന്റെ അമ്മയിലെ നായകവേഷമാണ് നരേനെ മലയാളികൾക്ക് പ്രിയങ്കരനാക്കി മാറ്റിയത്.

പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളിൽ മനോഹരമായ കഥാപാത്രങ്ങളിലൂടെ നരേൻ മലയാളികളുടെ മനസ്സിൽ കൂടുതൽ കൂടുതൽ സ്ഥാനം നേടിയെടുത്തുകൊണ്ടേയിരുന്നു. ഇന്ന് തെന്നിന്ത്യയിൽ ഏറെ തിരക്കുളള ഒരു സഹനടൻ കൂടിയാണ് നരേൻ. കൈത്തി, വിക്രം പോലെയുള്ള ബ്ലോക്ക് ബസ്റ്റർ സിനിമകളിൽ നരേൻ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌ത്‌ കൈയടി വാങ്ങി നിറഞ്ഞ് നിൽക്കുകയാണ്.

ഇതിന്റെ രണ്ടിന്റെയും രണ്ടാം ഭാഗത്തിൽ നരേൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. 2007-ലായിരുന്നു നരേൻ വിവാഹിതനാകുന്നത്. ടെലിവിഷൻ അവതാരകയായിരുന്ന മഞ്ജു ഹരിദാസാണ് നരേന്റെ ഭാര്യ. തന്മയ എന്ന പേരിൽ ഒരു പെൺകുട്ടിയും ദമ്പതികൾക്കുണ്ട്. ഇപ്പോഴിതാ വിവാഹ കഴിഞ്ഞ് പതിനഞ്ചാം വാർഷികം ആഘോഷിക്കുന്ന ദിനത്തിൽ ഒരു വിശേഷ വാർത്ത പങ്കുവച്ചിരിക്കുകയാണ് നരേൻ.

“ഞങ്ങളുടെ 15-ാം വിവാഹ വാർഷികത്തിന്റെ ഈ പ്രത്യേക ദിനത്തിൽ, ഞങ്ങളുടെ കുടുംബത്തിൽ ഒരു പുതിയ അംഗത്തെ ഉടൻ പ്രതീക്ഷിക്കുന്നു എന്ന സന്തോഷവാർത്ത പങ്കിടുന്നതിൽ സന്തോഷമുണ്ട്..”, നരേൻ സ്കാനിംഗ് റിപ്പോർട്ടിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു. താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് വിവാഹ വാർഷികവും അഭിനന്ദനങ്ങളും അറിയിച്ച് കമന്റുകൾ ഇട്ടിരിക്കുന്നത്.