ഫോർ ദി പീപ്പിൾ, അച്ചുവിന്റെ അമ്മ എന്നീ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് നടൻ നരേൻ. അതിന് മുമ്പ് നിഴൽക്കൂത്ത് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ഫോർ ദി പീപ്പിളിലെ രാജൻ മാത്യു ഐപി എസായും അച്ചുവിന്റെ അമ്മയിലെ അഡ്വക്കേറ്റ് ഇമ്മാനുവൽ ജോണായും അഭിനയിച്ച് മലയാളികളുടെ മനസ്സിലേക്ക് കയറി കൂടുകയായിരുന്നു നരേൻ.
ഇടയ്ക്ക് തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിക്കുമെങ്കിലും കൂടുതൽ സജീവമായി നിന്നിട്ടുളളത് മലയാളത്തിൽ തന്നെയാണ്. ക്ലാസ്സ്മേറ്റ്സിലെ മുരളിയൊക്കെ നരേൻ അതിഗംഭീരമായിട്ട് ചെയ്ത വേഷമാണ്. ഇടയ്ക്ക് സിനിമയിൽ തീരാ ചെറിയ വേഷങ്ങളിൽ നരേൻ ഒതുങ്ങി. പക്ഷേ തമിഴിൽ കൈതി എന്ന ചിത്രത്തിൽ അഭിനയിച്ച് അതിശക്തമായ തിരിച്ചുവരവാണ് നരേൻ ആ ചിത്രത്തിലൂടെ നടത്തിയത്.
വിക്രം, 2018 തുടങ്ങിയ സിനിമകളിൽ നരേൻ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. മലയാളം ടെലിവിഷൻ അവതാരകയായ മഞ്ജു ഹരിദാസിനെയാണ് നരേൻ വിവാഹം ചെയ്തത്. 2007-ലായിരുന്നു നരൈന്റെ വിവാഹം. 2008-ൽ ഒരു മകളും രണ്ട് വർഷം മുമ്പ് ഒരു മകനും താരത്തിന് ജനിക്കുകയുണ്ടായി. മകനും മകളും തമ്മിൽ പതിനാല് വയസ്സിന്റെ വ്യത്യാസമുണ്ട്. കുടുംബത്തിന് ഒപ്പം സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് നരേൻ.
എന്ത് ആഘോഷങ്ങളുണ്ടായാലും അത് കുടുംബത്തിന് ഒപ്പം ഉണ്ടാവാൻ നരേൻ ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ വിഷു ദിനത്തിൽ കണിയൊരുക്കിയതിന് മുന്നിൽ കുടുംബത്തിന് ഒപ്പം ഇരിക്കുന്ന ചിത്രങ്ങൾ നരേൻ പങ്കുവച്ചിരിക്കുകയാണ്. നരൈന്റെ അച്ഛനും അമ്മയും കൂടെയുണ്ട്. അതുപോലെ ഭാര്യയും മകളും മകനും ചിത്രത്തിലുണ്ട്. ക്യൂട്ട് ഫാമിലി എന്നും നരൈനും കുടുംബത്തിനും തിരിച്ചും വിഷു ആശംസിച്ചും കമന്റുകൾ വന്നിട്ടുണ്ട്.