‘ദിലീപാണ് അത് ചെയ്തതെന്ന് എന്റെ കൈയിൽ തെളിവ് ഒന്നുമില്ലല്ലോ..’ – പിന്തുണച്ച് നടൻ മുരളി ഗോപി

അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ ഒരാളാണ് നടൻ മുരളി ഗോപി. ഭരത് ഗോപിയുടെ മകനായ മുരളി, അച്ഛനെ പോലെ അതുല്യപ്രതിഭയായി ഇന്ന് മാറി കഴിഞ്ഞു. അതി ശക്തമായ കഥാമൂല്യമുള്ള തിരക്കഥകൾ മുരളി ഗോപിയിൽ നിന്ന് മലയാളി പ്രേക്ഷകർക്ക് ലഭിച്ചിട്ടുണ്ട്. മാസ്സ് ചിത്രമായ ലൂസിഫറിന്റെയും തിരക്കഥാകൃത്ത് മുരളി ഗോപിയായിരുന്നു. രസികനായിരുന്നു മുരളി തിരക്കഥ എഴുതിയ ആദ്യ സിനിമ.

ദിലീപിന് ഒപ്പം മറ്റൊരു സിനിമയും മുരളി ഗോപി ചെയ്തിരുന്നു. കമ്മാരസംഭവം എന്ന സിനിമയുടെ തിരക്കഥ എഴുതിയതും മുരളിയായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് പ്രതിയായ ശേഷം റിലീസ് ചെയ്ത സിനിമയായിരുന്നു അത്. ഇത്തരമൊരു സംഭവമുണ്ടായിട്ടും ദിലീപുമായി സഹകരിച്ചത് എന്തിനാണെന്നുള്ള ഒരു അഭിമുഖത്തിൽ അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് മുരളി ഗോപി.

“സിനിമ തുടങ്ങിയ സമയത്ത് ഈ ഒരു ഇഷ്യൂ ഒന്നുമില്ലായിരുന്നു. പകുതി കഴിഞ്ഞപ്പോഴാണ് ഇത് വരുന്നത്. ഞാൻ പഴ്സണലി ഒരാളെ ജഡ്ജ് ചെയ്യില്ല. എനിക്കൊരു ഉറപ്പുമില്ലല്ലോ അത് ചെയ്തത് പുള്ളിയാണെന്ന്! ആർക്കും ഇല്ലല്ലോ! അങ്ങനെയൊരാളെ ജഡ്ജ് ചെയ്യാൻ പറ്റുന്നത് എങ്ങനെയാണ്? അത് പൊളിറ്റിക്കൽ കറക്റ്റ്നെസ് പോലുമല്ല. ഞാനൊരു ലോജിക് ആണ് ചോദിക്കുന്നത്. തെറ്റ് ചെയ്തതെന്ന് തെളിയാതെ എങ്ങനെയാണ് ഒരാളെ ജഡ്ജ് ചെയ്യാൻ പറ്റുക?

അങ്ങനെ ജഡ്ജ് ചെയ്യാൻ പറ്റുന്ന ഒരു വിധി വരട്ടെ.. ഇതിനുള്ള ഉത്തരം ഞാൻ ക്ലീറായിട്ട് പറയാം! വിധി വരാത്തിടത്തോളം അന്നും ഇന്നും ഞാൻ പറയില്ല. ഈ സംഭവം ഉണ്ടായിട്ടാണ് സിനിമ തീരുമാനിച്ചതെങ്കിലും പുള്ളിയുമായി അസ്സോസിയേറ്റ് ചെയ്യുന്നതിൽ പ്രോബ്ലം ഇല്ല. അതാണ് ഞാൻ പറയുന്നത്, ആരോപണമെന്ന് പറയുന്നത് ഒരിക്കലുമൊരു വിധി അല്ല. ദിലീപിന് എതിരെ മോബ് വെര്‍ഡിക്ടാണ് അപ്പോൾ നടന്നത്. അന്ന് കൂവിയെ ആളുകൾക്ക് ഒപ്പം നിൽക്കാൻ പറ്റില്ല. കാരണം ആരോപണം മാത്രമാണ് വന്നത്.

ഇരയായ നടിക്കെതിരെ ഞാൻ ഒന്നും തന്നെ പറഞ്ഞിട്ടില്ല. ഞാനിപ്പോൾ പറഞ്ഞ വാക്കുകളിൽ നിങ്ങൾക്ക് അങ്ങനെ തോന്നിയോ? ഞാൻ അവരെ ബഹുമാനിക്കുന്നു. ഇത് വേറെയൊരു വശമാണ്. ഞാൻ അയാൾക്ക് ഒപ്പം വർക്ക് ചെയ്യുമോ എന്നാണ് നിങ്ങൾ ചോദിച്ചത്. വിധി വരാതെ ഞാൻ ആരെയും ജഡ്ജ് ചെയ്യില്ല. അത്രേ ഞാൻ പറഞ്ഞൊള്ളൂ..”, മുരളി ഗോപി പറഞ്ഞു. മുരളിയുടെ വാക്കുകൾ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളും വന്നു.