മലയാളക്കരയുടെ അഭിമാനമായ അഭിനയ കുലപതിയാണ് നടൻ മോഹൻലാൽ. തനിക്ക് ലഭിക്കുന്ന ഏത് കഥാപാത്രവും 100% ആത്മാർത്ഥതയോടെ ചെയ്യുന്ന ഒരു അഭിനേതാവാണ് അദ്ദേഹം. മോഹൻലാൽ തന്റെ 62ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനിൽ നിന്ന് 12-ത് മാനിലെ ചന്ദ്രശേഖറിൽ എത്തി നിൽക്കുകയാണ് മോഹൻലാൽ.
ഈ കാലയളവിൽ മലയാള സിനിമയ്ക്ക് മോഹൻലാൽ നൽകിയ സംഭാവനകൾ വളരെ വലുതാണ്. താരത്തിന്റെ ജന്മദിനത്തോടെ അനുബന്ധിച്ച് നിരവധി താരങ്ങളും ആരാധകരും ഉൾപ്പടെയുള്ളവർ ആശംസകൾ അറിയിച്ച് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. മോഹൻലാലിൻറെ ജന്മദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് കഴിഞ്ഞ ആഴ്ച ഖത്തറിൽ വച്ചാണ്. അവിടെ വച്ച് കേക്ക് മുറിക്കുന്നതിന്റെ വീഡിയോയൊക്കെ സോഷ്യൽ മീഡിയയിൽ നേരത്തെ തന്നെ വൈറലായിരുന്നു.
മോഹൻലാലിൻറെ സുഹൃത്തും ദോഹയിലെ പ്രമുഖ വ്യവസായിയുമായ ജോൺ തോമസിന്റെ മകളുടെ വിവാഹ സൽക്കാരത്തിന് പങ്കെടുക്കാനായിട്ട് കൂടിയാണ് മോഹൻലാൽ ഖത്തറിൽ എത്തിയിരുന്നത്. അവിടെ വച്ച് വളരെ അപ്രതീക്ഷിതമായി ഒരു പിറന്നാൾ സമ്മാനവും ലാലിന് ലഭിച്ചിരുന്നു. ഖത്തറിലെ മലയാളി പ്രവാസിയും ആർട്ടിസ്റ്റുമായ ഡോ. ശ്രീകുമാർ പത്മനാഭനാണ് സർപ്രൈസ് സമ്മാനം നൽകിയത്. അതുല്യപ്രതിഭ മാവേലിക്കര പൊന്നമ്മയുടെ കൊച്ചുമകൻ കൂടിയാണ് ശ്രീകുമാർ.
അതിമനോഹരമായ ഒരു പൈന്റിങ്ങാണ് അദ്ദേഹം മോഹൻലാലിന് സമ്മനമായി നൽകിയത്. ശ്രീകുമാറിന്റെ രണ്ട് വർഷത്തെ ആഗ്രഹമായിരുന്നു ഇത് നൽകണമെന്നത്. ആ ആഗ്രഹമാണ് ഇപ്പോൾ സഫലമായത്. ഓയിൽ പൈന്റിങ്ങിൽ തീർത്ത മനോഹരമായ ഒരു ഗന്ധർവന്റെ ചിത്രമാണ് സമ്മാനം. വർഷങ്ങൾക്ക് മുമ്പ് ആർട്ടിസ്റ്റ് നമ്പൂതിരിയെ കൊണ്ട് മോഹൻലാൽ ഒരു ഗന്ധർവനെ വരപ്പിച്ച വാർത്ത കണ്ട് പ്രചോദനമായിട്ടാണ് ശ്രീകുമാറും ഈ തീമിൽ തന്നെ ചെയ്യാൻ കാരണമായത്.
സുന്ദരനും കാമുകനും മന്ത്രവാദിനിയും സംഗീതജ്ഞനും നർത്തകനും യോദ്ധാവുമായ ഗന്ധർവ്വൻ പ്രതീകാത്മകമായി ലാലേട്ടനെ പ്രതിനിധീകരിക്കുന്നുവെന്ന് ശ്രീകുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചു. ഈ അതുല്യമായ പെയിന്റിംഗ് പൂർത്തിയാക്കാൻ ശ്രീകുമാറിന് ഏഴ് ദിവസങ്ങൾ എടുക്കേണ്ടി വന്നു. മോഹൻലാലിന് ഇത് നൽകുമ്പോൾ ശ്രീകുമാറിന് ഒപ്പം ഭാര്യയും മകനും ഉണ്ടായിരുന്നു. മോഹൻലാലിനൊപ്പം ഭാര്യ സുചിത്രയും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ഉണ്ടായിരുന്നു.