തൃശ്ശൂരിൽ സുരേഷ് ഗോപി വിജയിച്ചതിന് പിന്നാലെ അദ്ദേഹത്തിന് സിനിമ മേഖലയിൽ നിന്ന് ലഭിക്കുന്ന പിന്തുണയുടെ എണ്ണം വളരെ കൂടിക്കൊണ്ടിരിക്കുകയാണ്. ഇടത് അനുകൂലകനായ അലൻസിയർ പോലും കഴിഞ്ഞ ദിവസം ചില ഓൺലൈൻ മാധ്യമങ്ങളോട് സംസാരിച്ചത് സുരേഷ് ഗോപിയെ അനുകൂലിച്ചുകൊണ്ടാണ്. ഒരു വശത്ത് സുരേഷ് ഗോപിയെ പണ്ട് പരിഹസിച്ച നടി നിമിഷ സജയന് വിമർശനങ്ങൾ കേൾക്കുന്നുണ്ട്.
ഇപ്പോഴിതാ പഴയകാല സിനിമകളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ നടൻ മോഹൻ ജോസ് സുരേഷ് ഗോപിയെ കുറിച്ചുള്ള ഒരു മനോഹരമായ ഓർമ്മ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. ഇരുവരും ഒരുമിച്ച് രാജാവിന്റെ മകൻ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. രണ്ടുപേരും പ്രേക്ഷകരുടെ പ്രിയങ്കരരായി മാറുന്നതും ആ സിനിമയിലൂടെയാണ്. പഴയ ഒരു ഓർമ്മയാണ് മോഹൻ ജോസ് ഫേസ്ബുക്കിൽ കുറിച്ചത്.
വർഷങ്ങൾക്ക് മുൻപ് യാത്ര പറഞ്ഞ് ഹോട്ടലിൽ നിന്ന് മടങ്ങാൻ നേരം സുരേഷ് ഗോപി എന്തോ ഓർത്തതുപോലെ എന്നോട് ‘ഒരു മിനിറ്റ്’ എന്നു പറഞ്ഞിട്ട് റിസപ്ഷനിൽ വിളിച്ച് ഒരു ബിഗ് ഷോപ്പർ റൂമിലേക്ക് കൊടുത്തു വിടാൻ ആവശ്യപ്പെട്ടു. റൂംബോയി അതുമായി വന്നപ്പോൾ സുരേഷ് റൂമിലുണ്ടായിരുന്ന ഒരു ചൂരൽക്കൂട നിറയെ മനോഹരമായി പാക് ചെയ്തു വച്ചിരുന്നു.
ഫ്രൂട്സ് അതേപോലെ എടുത്ത് ആ ബിഗ് ഷോപ്പറിലാക്കിയിട്ട് ഇത് മോൾക്ക് കൊടുക്കണം എന്ന് പറഞ്ഞ് എന്നെയേൽപ്പിച്ചു. എന്റെ മോൾ പിറന്നപ്പോൾ ആദ്യമായി പത്ത് കുഞ്ഞുടുപ്പുകളുമായി കാണാൻ വന്നതും സുരേഷ് ഗോപിയും രാധികയുമായിരുന്നു. കരുതലിന്റെ ബാലപാഠങ്ങൾ സുരേഷിന് പണ്ടേ വശമായിരുന്നു.
ഇനിയും ഏറെ ഉയരങ്ങൾ എത്തിപ്പിടിക്കാനുണ്ട് ആ നല്ല സുഹൃത്തിന്. സർവ്വ നന്മകളും നേരുന്നു..”, മോഹൻ ജോസ് കുറിച്ചു.