‘നടി മീര നന്ദൻ വിവാഹിതയാകുന്നു! താരനിബിഡമായി വിവാഹ നിശ്ചയം ചടങ്ങ്..’ – ഫോട്ടോസ് വൈറൽ

സിനിമ നടിയും അവതാരകയുമായ മീര നന്ദൻ വിവാഹിതയാകുന്നു. മീര നന്ദൻ തന്നെയാണ് ഈ കാര്യം തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. കൊച്ചിയിലെ ഒരു റിസോർട്ടിൽ വച്ചായിരുന്നു വിവാഹ നിശ്ചയത്തിന്റെ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമയിലെ അടുത്ത സഹപ്രവർത്തകരും മാത്രമാണ് മീരയുടെ വിവാഹ നിശ്ചയ ചടങ്ങളിൽ പങ്കെടുത്തിട്ടുളളത്.

ശ്രീജു എന്നാണ് വരന്റെ പേര്. വിവാഹം എന്നാണെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും ഇരുവരും എങ്ങനെയാണ് ഈ തീരുമാനത്തിലേക്ക് എത്തിയതെന്ന് നിശ്ചയത്തിന്റെ ഫോട്ടോസ് എടുത്ത ലൈറ്റ്‌സ് ഓൺ ക്രീയേഷൻസ് വ്യക്തിമാക്കിയിട്ടുണ്ട്. “ഒരു മാട്രിമോണിയൽ സൈറ്റിൽ നിന്ന് എക്കാലവും എന്ന വാഗ്ദാനത്തിലേക്ക് മീരയും ശ്രീജുവും ഒരുപാട് മുന്നോട്ട് പോയി. ഇരുവരുടെയും മാതാപിതാക്കൾ പരസ്പരം ആദ്യം സംസാരിച്ചിരുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരായിരിക്കുമെന്ന് കാണാൻ ശ്രീജു ലണ്ടനിൽ നിന്ന് ദുബായിലേക്ക് പറന്നത്, നിത്യതയ്ക്കും അതിനപ്പുറവും അവന്റെ പങ്കാളിയെ കാണാനും കൂടിയായിരുന്നു. കഥയുടെ ബാക്കി ഭാഗം മറ്റു എല്ലാം പോലെ തന്നെയായിരുന്നു, എന്നാൽ അതിന്റെ പ്രത്യേകതയാൽ സമ്പന്നമാണ്. അവർ ഇരുവരും പരസ്പരം കണ്ടുമുട്ടുന്നു, അവർ പ്രണയത്തിലാകുന്നു.

അവരുടെ ജീവിതകാലം മുഴുവൻ ഒരുമിച്ച് ചെലവഴിക്കാൻ തീരുമാനിക്കുന്നു. ഒടുവിൽ അവരുടെ വിവാഹ നിശ്ചയത്തിലേക്ക് എത്തുന്നു..”, ഇതായിരുന്നു ചിത്രങ്ങൾക്ക് ഒപ്പം ഉണ്ടായിരുന്നു കുറിപ്പ്. വിവാഹ നിശ്ചയത്തിന് മീരയുടെ സിനിമയിലെ അടുത്ത സുഹൃത്തുക്കളായ നടിമാരായ ആൻ അഗസ്റ്റിൻ, ശ്രിന്ദ, കാവ്യാ മാധവൻ എന്നിവർ പങ്കെടുത്തിട്ടുണ്ടായിരുന്നു. ‘എന്റെ ക്വീൻ ബീയുടെ വിവാഹനിശ്ചയം കഴിഞ്ഞു..’, എന്ന തലക്കെട്ടോടെ ആൻ ഇരുവരുടെയും ഫോട്ടോ പങ്കുവച്ചിരുന്നു.