‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് കരുതി, ഒടുവിൽ നടന്നു..’ – ടെസ്ലയുടെ കാർ സ്വന്തമാക്കി മനോജ് കെ ജയൻ

മലയാളികൾ എന്നും ഏറെ ഇഷ്ടപ്പെടുന്ന ഒരു നടനാണ് മനോജ് കെ ജയൻ. 35 വർഷത്തിൽ അധികമായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് അദ്ദേഹം. നായകനായും വില്ലനായും ഹാസ്യ താരമായും സഹനടനായുമെല്ലാം മലയാളികളെ രസിപ്പിച്ചിട്ടുള്ള കലാകാരനാണ്. ഇപ്പോഴും അഭിനയത്തിൽ സജീവമായി തുടരുന്നു. സിനിമ തിരക്കുകൾ ഇല്ലാത്തപ്പോൾ മനോജ് കെ ജയൻ കുടുംബത്തിന് ഒപ്പം ലണ്ടനിലാണ്.

കുറച്ച് വർഷങ്ങളായി മനോജ് കെ ജയൻ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ലണ്ടനിലാണ് താമസിക്കുന്നത്. ലണ്ടനിൽ നിന്നുള്ള പുതിയ വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ടെസ്ലയുടെ ഇലക്ട്രിക് കാർ സ്വന്തമാക്കിയ സന്തോഷമാണ് മനോജ് കെ ജയൻ അറിയിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഇലട്രിക് കാറാണ് ടെസ്ലയുടേത്. ലണ്ടനിലെ ഉപയോഗത്തിന് വേണ്ടിയാണ് കാർ വാങ്ങിയിരിക്കുന്നത്.

“എത്ര മനോഹരമായ നടക്കാത്ത സ്വപ്നം” എന്ന് കരുതി, പക്ഷേ നടന്നു.. ടെസ്ല.. ദൈവാനുഗ്രഹം.. ഇന്ന് മുതൽ യു.കെയിലെ എന്റെ ഫാമിലി മെമ്പർ. ലോകത്തിലെ ഏറ്റവും നൂതനമായ കാറുകളിലൊന്ന് സ്വന്തമാക്കാൻ സാധിച്ചത് ഭാഗ്യമാണ്..”, ഇതായിരുന്നു മനോജ് കെ ജയൻ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചത്. കലാഭവൻ ഷാജോൺ, രാധിക തുടങ്ങിയ താരങ്ങൾ അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ അഭിനന്ദിച്ച് കമന്റുകൾ ഇടുകയും ചെയ്തിട്ടുണ്ട്.

ടെസ്ലയുടെ മോഡൽ ത്രീ കാറാണ് അദ്ദേഹം വാങ്ങിയിട്ടുള്ളത്. 2017-ൽ വിപണിയിൽ എത്തിയ വാഹനമാണ് ഇതെങ്കിലും മനോജ് കെ ജയൻ സ്വന്തമാക്കിയത് 2020 മോഡൽ കാറാണ്. ഇന്ത്യയിൽ ഇതുവരെ ടെസ്ല വാഹനങ്ങൾ വന്നിട്ടില്ല. ഈ വർഷം അതുണ്ടാകും. മനോജ് കെ ജയൻ വാങ്ങിയ കാറിന് ഇന്ത്യയിൽ എക്സ് ഷോറൂം വില ഏകദേശം 90 ലക്ഷം രൂപയോളം ആയിരിക്കും. സെഡാൻ മോഡൽ കാറാണ് ഇത്. ഇന്ത്യയിൽ ആദ്യം മോഡൽ വരുന്ന ഇതായിരിക്കും.