മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന താരമാണ് നടി മഞ്ജു വാര്യർ. സാക്ഷ്യം എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വരികയും പിന്നീട് സല്ലാപത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയും ചെയ്ത മഞ്ജു വാര്യർക്ക് ലേഡി സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തുക എന്നത് എളുപ്പുമായ ഒരു കാര്യം അല്ലായിരുന്നു. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളും പ്രശ്നങ്ങളും നേരിടേണ്ടി വരികയും ചെയ്തിരുന്നു.
വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന മഞ്ജു വാര്യർ വിവാഹ മോചിതയായ ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുമ്പോൾ പ്രേക്ഷകർ വീണ്ടും സ്വീകരിക്കുമോ എന്ന് പലരും സംശയിച്ചിരുന്നു. ആ സംശയങ്ങൾക്ക് എല്ലാം തന്റെ സിനിമകളിലൂടെ മറുപടി നൽകി മഞ്ജു. ഒന്നിന് പിറകെ ഒന്നായി ഹിറ്റുകൾ മഞ്ജു തിരിച്ചുവരവിൽ സമ്മാനിച്ചു. സൂപ്പർസ്റ്റാറുകളുടെ നായികയായി മാത്രമല്ല, അതോടൊപ്പം സ്ത്രീപക്ഷ സിനിമകളിലും മഞ്ജു അഭിനയിച്ചു.
തിരിച്ചുവരവിൽ മോഹൻലാലിന് ഒപ്പമാണ് മഞ്ജു കൂടുതൽ സിനിമകളിൽ അഭിനയിച്ചത്. ആ പഴയ കോംബോ പ്രേക്ഷകർക്ക് വീണ്ടും കാണാൻ സാധിക്കുകയും ചെയ്തു. അതുപോലെ തിരിച്ചുവരവിൽ തമിഴിൽ ധനുഷിന്റെ നായികയായി അരങ്ങേറി അവിടെയും കൈയടി നേടിയിരുന്നു മഞ്ജു. മഞ്ജു അടുത്തതായി അഭിനയിക്കാൻ പോകുന്നത് തമിഴ് സൂപ്പർസ്റ്റാർ അജിത്തിന്റെ നായികയായിട്ടാണ്. അതിന്റെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുന്നുണ്ട്.
ഇപ്പോഴിതാ അജിത്തിന് ഒപ്പം ലഡാക്കിലേക്ക് ബൈക്ക് ട്രിപ്പ് പോയതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് മഞ്ജു വാര്യർ. “ഒരു തീക്ഷ്ണ യാത്രികയായതിനാൽ, ഫോർ വീലറിൽ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. ആദ്യമായിട്ടാണ് ഇരുചക്രവാഹനത്തിൽ ടൂർ നടത്തുന്നത്.. അതും അജിത് സാറിന് ഒപ്പം.. നന്ദി സർ.. ഒരുപാട് സ്നേഹം..”, മഞ്ജു യാത്രകളുടെ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.