‘ദേവി മഹാമായേ.. ആറ്റുകാലമ്മക്ക് എന്റെ ആദ്യ പൊങ്കാല..’ – ഭക്തിയുടെ നിറവിൽ നടി മഞ്ജു സുനിച്ചൻ

ഭക്തിസാന്ദ്രമായ ഒരു ആറ്റുകാൽ പൊങ്കാല കൂടി കഴിഞ്ഞിരിക്കുകയാണ്. കേരളത്തിനും അകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് സ്ത്രീകളാണ് ഇന്ന് തിരുവനന്തപുരം നഗരത്തിൽ എത്തി പൊങ്കാല അർപ്പിച്ചത്. പതിവ് പോലെ സിനിമ, സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന നടിമാർ ഈ തവണയും പൊങ്കാല ഇടാൻ ആറ്റുകാലിൽ എത്തിയിരുന്നു. രാഷ്ട്രീയത്തിലെ വനിതാ നേതാക്കളും പൊങ്കാലയിടാൻ ഉണ്ടായിരുന്നു.

പലരും പണ്ട് മുതലേ പൊങ്കാല ഇടുന്നവരാണ്. അഭിനയ രംഗത്ത് നിന്ന് വളരെ കുറച്ച് പേര് മാത്രമാണ് പൊങ്കാല ആദ്യമായി ഇടാൻ വരാറുളളത്. അത്തരത്തിൽ ആദ്യമായി പൊങ്കാല ഇടാൻ കഴിഞ്ഞതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ടെലിവിഷൻ, സിനിമ നടിയായ മഞ്ജു സുനിച്ചൻ. പൊങ്കാല ഇടുന്ന ചിത്രങ്ങളും മഞ്ജു സുനിച്ചൻ തന്റെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ടായിരുന്നു.

“ദേവി മഹാമായേ.. ആറ്റുകാലമ്മക്ക് എന്റെ ആദ്യ പൊങ്കാല..”, ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് മഞ്ജു കുറിച്ചു. ആശംസകൾ നേർന്നുകൊണ്ട് നിരവധി മലയാളികളാണ് മഞ്ജുവിന്റെ പോസ്റ്റിന് താഴെ കമന്റ് ഇട്ടത്. ക്രിസ്ത്യാനി ആയിരുന്നിട്ട് കൂടിയും പൊങ്കാല ഇടാൻ കാണിച്ച മനസ്സിനെയും പലരും അഭിനന്ദിച്ചു. ദേവിയുടെ അനുഗ്രഹം ചേച്ചിക്ക് എന്നുമുണ്ടാകുമെന്ന് കമന്റിലൂടെ ആശംസിക്കുകയും ചെയ്തിട്ടുണ്ട്.

വെറുതെ അല്ല ഭാര്യ എന്ന ടെലിവിഷൻ ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് മഞ്ജു. മഞ്ജുവും ഭർത്താവ് സുനിച്ചനും അതിൽ ഒരുമിച്ച് മത്സരിച്ചിരുന്നു. ഷോ കഴിഞ്ഞതോടെ മഞ്ജുവിന് അതെ ചാനലിലെ മറിമായത്തിൽ അഭിനയിക്കാനും അവസരം ലഭിച്ചു. പിന്നീട് സിനിമയിലും അവസരം ലഭിച്ചു. കഴിഞ്ഞ വർഷമിറങ്ങിയ ക്യൂൻ എലിസബത്ത്, പാളയം പിസി എന്നിവയാണ് മഞ്ജുവിന്റെ അവസാനം ഇറങ്ങിയത്.