December 11, 2023

‘ഇന്നെന്റെ മകൻ ജീവിച്ചിരിക്കുന്നെങ്കിൽ അതിന് കാരണം സുരേഷ് ഗോപിയാണ്..’ – തുറന്ന് പറഞ്ഞ് മണിയൻപിള്ള രാജു

നടനെന്നും രാഷ്ട്രീയക്കാരനെന്നും അറിയപ്പെടുന്നതിനേക്കാൾ നല്ലയൊരു മനുഷ്യസ്നേഹി എന്ന മലയാളികൾ വിശേഷിപ്പിക്കുന്ന താരമാണ് സുരേഷ് ഗോപി. സുരേഷ് ഗോപി ചെയ്യാറുള്ള നല്ല കാര്യങ്ങൾ എന്നും വാർത്തകളിൽ നിറഞ്ഞ് നിൽക്കാറുണ്ട്. ഇപ്പോഴിതാ സിനിമയിൽ നിന്ന് തന്നെയുള്ള മറ്റൊരു താരം സുരേഷ് ഗോപി തന്റെ ജീവിതത്തിൽ ചെയ്ത ഒരു നന്മയെ കുറിച്ച് ഓർത്തെടുത്തിരിക്കുകയാണ്.

തന്റെ മകന്റെ ജീവൻ രക്ഷിച്ചതിന് കുറിച്ച് നടനും നിർമാതാവുമായ മണിയൻപിള്ള രാജുവാണ് സുരേഷ് ഉപജിയെ കുറിച്ച് സംസാരിച്ചത്. താരസംഘടനയായ എ.എം.എം.എ സംഘടിപ്പിച്ച ഒരു പരിപാടിയിൽ വർഷങ്ങൾക്ക് ശേഷം വീണ്ടും സുരേഷ് ഗോപി പങ്കെടുക്കാൻ എത്തിയപ്പോഴാണ് മണിയൻപിള്ള രാജു ഇതിനെക്കുറിച്ച് സംസാരിച്ചത്. 20 വർഷങ്ങൾക്ക് ശേഷമാണ് സുരേഷ് ഗോപി എ.എം.എം.എയിലേക്ക് വരുന്നത്.

മണിയൻപിള്ള രാജുവിന്റെ വാക്കുകൾ, “കോവിഡിന്റെ രണ്ടാം തരംഗം പ്രാപിച്ചു തുടങ്ങിയ സമയത്താണ് എന്റെ മൂത്തമകൻ സച്ചിന് പോസറ്റീവ് ആയത്. അത് രൂക്ഷമായി അവനെ ബാധിക്കുകയും ചെയ്തു. ശ്വാസകോശം ചുരുങ്ങി പോവുകയും ആരോഗ്യനില ഗുരുതരം ആവുകയും ചെയ്തിരുന്നു. ഗുജറാത്തിലായിരുന്നു മകൻ അപ്പോൾ. അവിടെ നിന്ന് മെസേജ് ലഭിച്ചപ്പോൾ ആരെ ബന്ധപ്പെടണമെന്ന് എനിക്കൊരു ഐഡിയയും ഉണ്ടായിരുന്നില്ല.

പെട്ടന്നാണ് സുരേഷിനെ ഓർത്തത്. കരച്ചിലോടെ ഞാൻ സുരേഷിനോട് കാര്യം വിവരിച്ചു. കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം അദ്ദേഹം ഫോൺ വച്ചു. പിന്നീട് നടന്നത് അത്ഭുതങ്ങളാണ്. സുരേഷ് അവിടെയുള്ള എം.പിയെ ബന്ധപ്പെട്ടു. ഒന്നല്ല 4 എം.പിമമാരുടെ സഹായമാണ് അദ്ദേഹം തേടിയത്. തൊട്ടുപിന്നാലെ ആംബുലൻസ് അവിടേക്ക് എത്തുകയും മകനെ റൂറൽ ഏരിയയിൽ നിന്ന് 5 മണിക്കൂർ യാത്ര ചെയ്ത രാജകൊട്ടയിലെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു.

ഒരല്പം കൂടി വൈകിയിരുന്നെങ്കിൽ മകന്റെ ജീവൻ നഷ്ടപ്പെടുമായിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇന്ന് എന്റെ മകൻ ജീവിച്ചിരിക്കുന്നെങ്കിൽ അതിന് കാരണം സുരേഷ് ഗോപിയാണ്. അദ്ദേഹത്തിന്റെ ഇടപെടൽ കൊണ്ടാണ് കൃതസമയത്ത് എന്റെ മകൻ ഹോസ്പിറ്റലിൽ എത്തിയത്. സുരേഷ് ഒരിക്കലും മറക്കാൻ എനിക്കാകില്ല. അദ്ദേഹം എന്നും എന്റെ ഹൃദയത്തിൽ ഉണ്ടാവും..”, മണിയൻപിള്ള രാജു പറഞ്ഞു.