‘ആ നായികയുടെ തിരിച്ചുവരവ് ചിത്രത്തിൽ ഞാൻ അഭിനയിച്ചു, പക്ഷേ എന്റെ സിനിമയിൽ വിളിച്ചപ്പോൾ വന്നില്ല..’ – നടി മംമ്‌ത മോഹൻദാസ്

മലയാളികൾ ഏറെ പ്രിയപ്പെട്ട നായികനടിമാരിൽ ഒരാളാണ് മംമ്‌ത മോഹൻദാസ്. ഒരു ഓൺലൈൻ തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മംമ്‌ത മോഹൻദാസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. അതിൽ സൂപ്പർസ്റ്റാർ പദവി എന്ന് പറയുന്നത് ചിലർ സ്വയം പ്രഖ്യാപിക്കുന്നതാണെന്നും അവർ പിആർ ആളുകളെ വച്ച് ചെയ്യിപ്പിക്കുന്നതാണെന്നും താൻ അങ്ങനെയാണ് കരുതുന്നതെന്നും പറയുകയുണ്ടായി.

ഇത് ആരെ ഉദ്ദേശിച്ചാണ് മംമ്‌ത വ്യക്തമായിട്ടില്ല. പക്ഷേ മംമ്‌ത അതെ അഭിമുഖത്തിൽ പറഞ്ഞ മറ്റൊരു കാര്യം ഇപ്പോൾ ചർച്ചയായി മാറിയിരിക്കുകയാണ്. “സിനിമയിൽ ചില നടിമാർ പലപ്പോഴും ചില അഭിനേതാക്കളെ മാറ്റി നിറുത്താൻ ശ്രമിക്കാറുണ്ട്. അത് അവരുടെ അരക്ഷിതാവസ്ഥ മൂലമാണ്. ഞാൻ അഭിനയിച്ച ധാരാളം സിനിമകളിൽ ഒരുപാട് നടിമാർ സെക്കന്റ് നായികയായി അഭിനയിച്ചിട്ടുണ്ട്. ഞാൻ ഒരിക്കലും അവരുടെ ഫോട്ടോ പോസ്റ്ററിൽ വെക്കരുതെന്ന് പറഞ്ഞിട്ടില്ല.

അതിന് കാരണം എനിക്ക് സിനിമയിൽ അരക്ഷിതത്വമില്ലാത്തതുകൊണ്ടാണ്. ഞാനും സെക്കന്റ് ഹീറോയിനായി ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്റെ സിനിമ ജീവിതത്തിൽ ഒരുപാട് തവണ ഇടവേളകൾ ഉണ്ടായിട്ടുണ്ട്. മലയാളത്തിൽ ഒരു നടി അവരുടെ തിരിച്ചുവരവ് നടത്തുമ്പോൾ, അവരുടെ സിനിമയിൽ ഞാൻ സെക്കന്റ് ഹീറോയിനായിട്ട് അഭിനയിച്ചിട്ടുണ്ട്. ആ നടിയുടെ തിരിച്ചുവരവ് സപ്പോർട്ട് ചെയ്യാൻ വേണ്ടി മാത്രമാണ് ഞാൻ ആ റോൾ ചെയ്‌തത്‌.

പക്ഷേ ഞാൻ നായികയായി അഭിനയിച്ച ഒരു സിനിമയിൽ അവരെ അതിഥി റോളിൽ വിളിച്ചപ്പോൾ അവർ നോ പറഞ്ഞു. കാരണമെന്താണ്? അരക്ഷിതത്വം! ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ എനിക്ക് അതില്ല. അതാണ് അവരിൽ നിന്ന് എന്നെ വ്യത്യസ്തായാകുന്നത്. വിജയ് സേതുപതി സാറിനെ നോക്കൂ, ഏത് റോൾ കിട്ടിയാലും അദ്ദേഹം ചെയ്യും. നായകനായി മാത്രമല്ല. കമൽഹാസൻ സർ, മലയാളത്തിൽ മോഹൻലാൽ അവരൊക്കെ ആർട്ടിസ്റ്റുകളാണ്.. ഏത് പ്രായത്തിലുള്ള വേഷവും അവർ ചെയ്യും..”, മംമ്‌ത പറഞ്ഞു. മംമ്‌ത പേര് പറഞ്ഞില്ലെങ്കിലും സിനിമകളിൽ നിന്ന് മഞ്ജു വാര്യരെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് വ്യക്തമാണ്.