‘ഉമ്മൻ ചാണ്ടിക്ക് ഡോക്ടറേറ്റ് നൽകുക ആണെങ്കിൽ അത് മനുഷ്യ സ്നേഹത്തിനുള്ളതാകും..’ – അനുസ്മരിച്ച് മമ്മൂട്ടി

അന്തരിച്ച മുൻമുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന രാഷ്ട്രീയ നേതാവുമായ ഉമ്മൻ ചാണ്ടിയെ അനുശോചിച്ച് നടൻ മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി അനുശോചന കുറിപ്പ് പങ്കുവച്ചത്. “സാധാരണത്വത്തിന് ഇത്ര മേൽ ശക്തിയുണ്ടെന്ന് അസാധാരണമാം വിധം ജീവിച്ച് കാണിച്ചുതന്ന വ്യക്തിത്വം. ആൾ കൂട്ടത്തിന് നടുവിൽ അല്ലാതെ ഞാൻ ഉമ്മൻ ചാണ്ടിയെ കണ്ടിട്ടില്ല. ഒടുവിൽ ഒരിക്കൽ ചെന്ന് കണ്ടപ്പോഴും അദ്ദേഹത്തിന് ഒപ്പം ഔഷധമെന്നവണ്ണം ഒരുപറ്റം ആളുകളുണ്ടായിരുന്നു.

ഞാൻ വിദ്യാർത്ഥിയായിരുന്നപ്പോഴേ അദ്ദേഹം നിയമസഭയിൽ ഉണ്ട്. ചെറുപ്പത്തിലെ ഉയരങ്ങളിലെത്തിയ ഒരാൾ. എന്നിട്ടും പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് ഒരു കൂട്ടുകാരനെ പോലെ എന്നെയും വിളിച്ച് കൊണ്ടുപോയി തോളിൽ കൈയിട്ട് ഒപ്പംനടന്നു. ഞാനെന്ന വ്യക്തി ചുമക്കാൻ പാടുപ്പെടുന്ന മമ്മൂട്ടി എന്ന നടന്റെ താരഭാരം അലിഞ്ഞ് ഇല്ലാതായി. പള്ളിമുറ്റത്ത് നാട്ടുകാർക്ക് ഇടയിൽ കുഞ്ഞൂഞ്ഞിന്റെ കൂട്ടുകാരൻ എന്നത് മാത്രമായി എന്റെ വിശേഷണം.

‘ഞാനാ ഉമ്മൻ ചാണ്ടിയാ’ എന്ന് പറഞ്ഞ് ഫോണിൽ വിളിക്കുന്ന വിളിപ്പാടകലെ ഉള്ള സഹൃദയൻ.. അതിശക്തനായ നേതാവ്.. ഒരിക്കൽ ഞങ്ങളുടെ കെയർ ആൻഡ് ഷെയർ പദ്ധതിയിൽ അറുനൂറ് കുട്ടികളുടെ ചികിത്സ ചിലവുകൾ കണ്ടെത്താൻ പാടുപെടുകയായിരുന്നു. അപ്പോൾ പ്രതിപക്ഷ നേതാവ് ആയിരുന്ന ഉമ്മൻ ചാണ്ടി നൂറ് കുട്ടികളുടെ ശസ്ത്രക്രിയക്കുള്ള ചിലവ് സിഎസ്.ആർ ഫണ്ട് ഉപയോഗിച്ച് സ്പോൺസർ ചെയ്യാമെന്ന് ഏറ്റു. നൂറാമത്തെ കുട്ടി സുഖംപ്രാപിച്ച് ആശുപത്രി വിടുമ്പോൾ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി കാണാൻ വരികയും ചെയ്തു.

സത്യപ്രതിജ്ഞ കഴിഞ്ഞ് മൂന്നാം നാൾ കൊച്ചിയിലെ എന്റെ വീട്ടിലേക്ക് അപ്രതീക്ഷിതമായി ഊണാൻ എത്തി. അന്ന് എനിക്ക് അദ്ദേഹത്തോടുളള ഒരേയൊരു വിയോജിപ്പ് ഞാൻ രേഖപെടുത്തി. സ്വന്തം ആരോഗ്യം നോക്കാതെയുള്ള ഈ അലച്ചിൽ നിയന്ത്രിക്കണമെന്ന്. ഒരു ചിരി മാത്രം ആയിരുന്നു മറുപടി. പ്രാഞ്ചിയേട്ടൻ എന്ന ചിത്രത്തിൽ എന്റെ കഥാപാത്രം പോലും പറയുന്നുണ്ട്, ഉമ്മൻ ചാണ്ടി ഒന്നേയുള്ളൂ. ഒരുമിച്ച് ഒരുപാട് ഓർമ്മകൾ, ആയിരം അനുഭവങ്ങൾ, ഒരുപാട് എഴുതുന്നില്ല. എഴുതേണ്ടി വന്ന ഒരു അനുഭവം കൂടി.

അദ്ദേഹത്തിന്റെ ആത്മകഥയ്ക്ക് അവതാരിക എഴുതാനുള്ള നിയോഗം എനിക്ക് ആയിരുന്നു. അതിൽ എഴുതാൻ കുറിച്ച വരികൾ ഇവിടെ കുറിക്കട്ടെ, “ഉമ്മൻ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നൽകിയിട്ട് ഇല്ല. നൽകുക ആണെങ്കിൽ അത് മനുഷ്യ സ്നേഹത്തിന് ഇല്ലാതാകും..”, മമ്മൂട്ടി തന്റെ സഹോദരതുല്യനായി കണ്ട ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു.