ആറാട്ടിന് ശേഷം ഉണ്ണികൃഷ്ണൻ ബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ക്രിസ്റ്റഫർ’. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമ റിലീസിനോട് അടുത്തിരിക്കുകയാണ്. ഫെബ്രുവരി 9-നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ആറാട്ടിന്റെ തിരക്കഥകൃത്ത് തന്നെയായ ഉദയകൃഷ്ണ തന്നെയാണ് ഇതിന്റെയും തിരക്കഥ. ത്രില്ലർ സിനിമയായതുകൊണ്ട് തന്നെ ട്വിസ്റ്റുകളും പ്രതീക്ഷിക്കാം.
ഒരു നീണ്ട താരനിര തന്നെ സിനിമയിൽ അഭിനയിക്കുന്നുണ്ട്. വിനയ് റായ്, ആർ ശരത്ത് കുമാർ, സ്നേഹ, ഷൈൻ ടോം ചാക്കോ, ഐശ്വര്യ ലക്ഷ്മി, അമല പോൾ, ജനാർദ്ദനൻ, ദിലേഷ് പോത്തൻ, അദിതി രവി, സിദ്ധിഖ്, വിജയരാഘവൻ, സായികുമാർ, ദീപക്, ജിനു ജോസഫ് തുടങ്ങിയ താരങ്ങൾ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ടീസറുകൾ രണ്ടും സോഷ്യൽ മീഡിയയിൽ വമ്പൻ തരംഗമായി മാറിയിരുന്നു.
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അതിൽ അഭിനയിച്ച താരങ്ങൾ അഭിമുഖങ്ങൾ നൽകിയിരുന്നു. അതിൽ ഒരു അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. അതിൽ ഐശ്വര്യ ലക്ഷ്മിയോട് മമ്മൂട്ടിയുടെ ഒപ്പം അഭിനയിക്കാൻ ടെൻഷൻ ഉണ്ടായിരുന്നോ എന്ന് ചോദിക്കുന്നുണ്ട്. മമ്മൂക്ക ചക്കരയാണെന്ന് ഒരു സ്റ്റേറ്റ്മെന്റ് പറഞ്ഞിരുന്നല്ലോ എന്നും അവതാരകൻ ചോദിച്ചു. “അതെ.. മമ്മൂക്ക ചക്കരയാണ്..” എന്ന് ഐശ്വര്യ മറുപടി കൊടുക്കുകയും ചെയ്തു.
ഇത് കഴിഞ്ഞ് മമ്മൂട്ടി, “നല്ല വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശർക്കര എന്നേ വിളിക്കു.. ശർക്കര എന്നാൽ കരിപ്പെട്ടിയാണ് അറിയുമോ? ആരെങ്കിലും അങ്ങനെ ഒരാളെ പറ്റി പറയുമോ? ഞാൻ തിരിച്ചു പറഞ്ഞാൽ എങ്ങനെ ഉണ്ടാകും..”, ഇതായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഇതാണ് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വിമർശനങ്ങൾക്ക് ഇടയൊരുക്കിയത്. മുമ്പൊരിക്കൽ ഇതുപോലെ മറ്റൊരു കാര്യം പറഞ്ഞപ്പോൾ മമ്മൂട്ടി മാപ്പ് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരുന്നു.