മമ്മൂട്ടി നായകനാക്കി ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന സിനിമ തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്. ഐഎഫ്.എഫ്.കെയിൽ പ്രദര്ശിച്ചപ്പോൾ സിനിമ കണ്ടവരുടെ മികച്ച പ്രതികരണം നമ്മൾ കണ്ടതാണ്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് ഓരോ പ്രേക്ഷകനും കാത്തിരിക്കുന്നത്. സിനിമ തിയേറ്ററുകളിൽ വിജയിക്കുമോ എന്നും എല്ലാവരും ഉറ്റുനോക്കുന്നുണ്ട്.
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മമ്മൂട്ടി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ബിഗ് ബിയെ സംബന്ധിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ബിഗ് ബിയുടെ കഥ പറയാൻ വേണ്ടി അമൽ നീരദ് എത്തിയത് ഫോർ ബ്രദേഴ്സിന്റെ സി.ഡി കൊണ്ടാണെന്ന് മമ്മൂട്ടി വെളിപ്പെടുത്തി. “അമൽ നീരദ് ഒരു സിഡിയാണ് എന്റെ അടുത്ത് ആദ്യം കൊണ്ടുവന്നത്. ഫോർ ബ്രദേഴ്സ് എന്ന് പറഞ്ഞിട്ട്..!
ഇതായിരിക്കും നമ്മുടെ സിനിമയുടെ ബേസ് എന്ന് പറഞ്ഞു. അമൽ നീരദിനെ എനിക്ക് ഇഷ്ടപ്പെടാൻ കാരണം നല്ല ഫോട്ടോഗ്രാഫറായത് കൊണ്ടാണ്. മലയാളത്തിൽ ഇപ്പോൾ കാണുന്ന ഒരു ഫോട്ടോഗ്രാഫിയില്ല അത് തുടങ്ങുന്നത് അമലിന്റെ ആ സിനിമയിലാണ്. അമലിന്റെ ശിഷ്യന്മാരാണ് പിന്നീട് ഇങ്ങോട്ട് വന്നിട്ടുള്ളത്. അമലിന്റെ ആ ഫോട്ടോഗ്രാഫിയും സിനിമയോടുള്ള സമീപനമൊക്കെ എനിക്ക് ഇഷ്ടപ്പെട്ടു.
വേണമെങ്കിൽ ഒരു സൗത്ത് അമേരിക്കൻ കൈൻഡ് ഓഫ് സിനിമകളുടെയും സ്പാനിഷ് സിനിമകളുടെയും അതുപോലെയൊരു സിനിമ മലയാളത്തിൽ എടുക്കാൻ പോകുന്നെന്ന് പറയുമ്പോൾ നമ്മൾ ആ സിനിമയിൽ ഉണ്ടാവണമല്ലലോ.. അതുകൊണ്ടാണ്.. അമൽ നീരദിന് മുമ്പും ഞാൻ പുതിയ സംവിധായകർക്ക് ഡേറ്റ് കൊടുത്തിട്ടുണ്ടല്ലോ.. അവര് പറയുന്ന കഥയും അവര് പറയുന്ന വിഷയവുമാണ് പ്രധാനം..”, മമ്മൂട്ടി പറഞ്ഞു.