December 4, 2023

‘അപ്പനും മകനും നേർക്കുനേർ!! വിക്രമും ധ്രുവും ഒന്നിക്കുന്ന മഹാൻ ട്രെയിലർ ഇറങ്ങി..’ – വീഡിയോ കാണാം

നെറ്റ് ഫ്ലിക്സിന്റെ ആന്തോളജി ചിത്രമായ നവരസയ്ക്കും ധനുഷ് നായകനായ ജഗമേ തന്തിരത്തിനും ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘മഹാൻ’ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ചിയാൻ വിക്രമും മകൻ ധ്രുവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മഹാൻ. അപ്പന്റെയും മകന്റെയും വിളയാട്ടം തന്നെയായിരിക്കും ചിത്രമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നത്.

കടരം കൊണ്ടൻ എന്ന സിനിമയ്ക്ക് ശേഷം വിക്രം അഭിനയിക്കുന്ന ചിത്രമാണ് മഹാൻ. ധ്രുവ് ആകട്ടെ അർജുൻ റെഡിയുടെ തമിഴ് റീമേക്കായ ആദിത്യ വർമ്മയ്ക്ക് ശേഷം ചെയ്യുന്ന ചിത്രമാണ് ഇത്. ആദിത്യ വർമ്മയിൽ ഒരു പാട്ടിൽ വിക്രമം വരുന്നുണ്ടെങ്കിലും ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത് ഇതാദ്യമാണ്. കാർത്തിക് ഒരു മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം തന്നെയാണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.

ഒരു അധ്യാപകനിൽ നിന്ന് ഗ്യാങ്സ്റ്ററിലേക്ക് എത്തുന്ന ഒരാളായിട്ടാണ് വിക്രം സിനിമയിൽ അഭിനയിക്കുന്നത്. ഗാന്ധി മഹാൻ എന്നാണ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. വിക്രത്തിന്റെ മകൻ ധ്രുവ് ആകട്ടെ ദാദ എന്ന കഥാപാത്രമായിട്ടാണ് എത്തുന്നത്. സിനിമയിലും അപ്പനും മകനുമായിട്ടാണോ ഇരുവരും അഭിനയിക്കുന്നതെന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.

വിക്രം ഒരു ഗ്യാങ്‌സ്റ്റർ റോളിലും ധ്രുവ് ഒരു പൊലീസ് ഓഫീസറുടെ റോളിലുമാണോ അഭിനയിക്കുന്നതെന്നും ചിലർ ട്രെയിലർ വീഡിയോയുടെ താഴെ ചോദിക്കുന്നുണ്ട്. ബോബി സിംഹ, സിമ്രാൻ, ആടുകളം നരേൻ, വാണി ഭോജൻ, സനന്ത് തുടങ്ങിയവരാണ് സിനിമയിൽ അഭിനയിക്കുന്ന മറ്റു താരങ്ങൾ. വിക്രത്തിന്റെ പല ഗെറ്റപ്പുകളിലാണ് സിനിമയിൽ അഭിനയിക്കുന്നത്. ട്രെയിലർ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു.