പൃഥ്വിരാജ് എന്ന നടൻ അസാമാന്യമായ അഭിനയ മികവും ബ്ലെസ്സി എന്ന സംവിധായകന്റെ കിടിലം മേക്കിങ്ങും ചേർന്ന് ആടുജീവിതം പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സിനിമ കണ്ട എല്ലാ പ്രേക്ഷകരും ഒരേ സ്വരത്തിൽ പറയുന്നത് ഇത് മലയാള സിനിമയുടെ അഭിമാന ചിത്രമാണെന്നാണ്. സാധാരണ പ്രേക്ഷകർ മാത്രമല്ല, സിനിമ കണ്ട ശേഷം ബോളിവുഡ് സെലിബ്രിറ്റികൾ അടക്കം പ്രതികരിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ബോളിവുഡ്, തെന്നിന്ത്യൻ നടനായ മാധവൻ ചിത്രം കണ്ട ശേഷമുള്ള അഭിപ്രായം ട്വീറ്റ് ചെയ്തിരിക്കുകയാണ്. “എന്റെ പ്രിയ സഹോദരൻ പൃഥ്വിരാജ്, എന്തൊരു അവിശ്വസനീയമായ വിശ്വസനീയമായ സിനിമ.. നിങ്ങളെയോർത്ത് അഭിമാനവും ഭയഭക്തിയും തോന്നുന്നു.. ഇന്ത്യൻ സിനിമയ്ക്ക് എന്ത് പുതിയ വശമാണ് ഉള്ളതെന്ന് കാണിച്ചതിന് നന്ദി..”, ഇതായിരുന്നു മാധവൻ സിനിമ കണ്ടിട്ട് കുറിച്ചത്.
മാധവന്റെ ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട പൃഥ്വിരാജ് അതിന് മറുപടി കൊടുക്കുകയും ചെയ്തു. “നന്ദി മാഡി! നിങ്ങളിൽ നിന്ന് ഉള്ള ഈ വാക്കുകൾ ധാരാളം..”, പൃഥ്വിരാജ് മറുപടി നൽകി. “ഇപ്പോഴും ഇതിന്റെ ഹാംഗ് ഓവറിലാണ്.. സിനിമാ പ്രേമികൾക്ക് വിരുന്നൊരുക്കുന്ന ഒരു ഹോണ്ടിംഗ് ആൻഡ് പെയിൻഫുൾ യാത്ര..”, സിനിമ കണ്ടിട്ട് തമിഴ് നടനായ യോഗി ബാബു കുറിച്ചത് ഇങ്ങനെയായിരുന്നു.
സിനിമ ആദ്യ ദിനം കേരളത്തിൽ നിന്ന് മാത്രം ആറ് കോടിക്ക് അടുത്താണ് കളക്ഷൻ നേടിയത്. ആഗോളതലത്തിൽ ചിത്രം 16 കോടി രൂപയില് അധികമാണ്. മലയാളത്തിൽ ഈ വർഷം ഇതിനോടകം രണ്ട് സിനിമകൾ നൂറ് കോടി ക്ലബിൽ കയറിയിരുന്നു. ആടുജീവിതവും നൂറ് കോടി ക്ലബ്ബിൽ കയറുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. അവധി ദിവസങ്ങളായതുകൊണ്ട് തന്നെ ഇന്നും അടുത്ത രണ്ടു ദിവസവും നല്ല ബുക്കിങ്ങുണ്ട്.