‘ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിസാരമായി കാണരുത്, ഉടനെ ഡോക്ടറെ കാണണം..’ – വെളിപ്പെടുത്തി നടി ലിയോണ

കലികാലം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ലിയോണ ലിഷോയ്. ആൻ മരിയ കലിപ്പിലാണ് എന്ന സിനിമയിലൂടെയാണ് ലിയോണ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. സിനിമ-സീരിയൽ താരമായ ലിഷോയിയുടെ മകളാണ് ലിയോണ. ഒ.ടി.ടി റിലീസായിരുന്ന ജീത്തു ജോസഫിന്റെ മോഹൻലാൽ നായകനായ 12-ത് മാനായിരുന്നു ലിയോണയുടെ അവസാന റിലീസ് ചിത്രം.

ഇപ്പോഴിതാ ലിയോണ തന്റെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ലിയോണ ഈ കാര്യം തുറന്ന് പറഞ്ഞത്, “ജീവിതം സുന്ദരമാണ്.. ജീവിതം വേദനാജനകമാണ്.. ഇത് രണ്ടും മിക്കപ്പോഴും ഒരുമിച്ചാണ്. എൻഡോമെട്രിയോസിസ് എന്ന രോഗമുണ്ടെന്ന് കണ്ടെത്തിയിട്ട് രണ്ട് വർഷമാകുന്നു. രണ്ടാം സ്റ്റേജ് ആണിപ്പോൾ.

രണ്ട് വർഷത്തെ ഭയാനകമായ വേദനകളും എൻഡോ വീർക്കലും നോർമൽ ലൈഫ് അസാധ്യമാക്കിയ എല്ലാ ചെറിയ കാര്യങ്ങളും.. ഇത് ഏറെ വെല്ലുവിളികൾ നിറഞ്ഞതും തുടർച്ചയായ പ്രക്രിയയുമായ ഒരു രോഗമാണ്. ഈ ഭയാനകമായ യാത്രയിൽ നിന്ന് എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും എന്റെയും പ്രിയപ്പെട്ട ഡോക്ടർ ലക്ഷ്മിയുടെയും സഹായത്തോടെ ഒരുപാട് മുന്നോട്ട് വന്നെന്ന് ഞാൻ കരുതുന്നു. ഇതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് കഠിനമായ ആർത്തവ വേദനയാണ്.

ഇത് വായിക്കുന്ന സ്ത്രീകൾ ഇത് മനസ്സിലാക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു.. കഠിനമായ ആർത്തവ വേദന നല്ലതല്ല.. അത് സാധാരണവുമല്ല. ദയവായി ഒരു ഡോക്ടറെ സമീപിക്കുക..”, ലിയോണ തന്റെയൊരു ചിത്രത്തോടൊപ്പം കുറിച്ചു. പലർക്കും ഇങ്ങനെയൊരു രോഗമുണ്ടെന്ന് പോലും അറിയില്ലായിരുന്നു. വേഗം സുഖം പ്രാപിച്ച് വരാൻ ആശംസിച്ചുകൊണ്ട് നിരവധി ആരാധകരും താരങ്ങളുമാണ് കമന്റ് ചെയ്തിരിക്കുന്നത്.