സീരിയൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ ഒരു മുഖമാണ് നടി ലക്ഷ്മി പ്രമോദിന്റേത്. ഏറെ വർഷങ്ങളായി ടെലിവിഷൻ സീരിയലുകളിൽ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന താരമാണ് ലക്ഷ്മി. നെഗറ്റീവ് വേഷങ്ങളിലാണ് ലക്ഷ്മി കൂടുതലായി അഭിനയിച്ചിട്ടുള്ളതെങ്കിലും ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പരസ്പരം സീരിയലാണ് ലക്ഷ്മിയ്ക്ക് ശ്രദ്ധ നേടി കൊടുത്തത്.
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ആ പരമ്പരയിൽ സുഭാഷ് എന്ന കഥാപാത്രത്തിന്റെ ഭാര്യായായ സ്‌മൃതി എന്ന കഥാപാത്രത്തെയാണ് ലക്ഷ്മി അവതരിപ്പിച്ചിരുന്നത്. ഭാഗ്യജാതകം, പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് ചില വിവാദങ്ങളെ തുടർന്ന് ലക്ഷ്മി അഭിനയത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. സീരിയലിൽ നിന്ന് പിന്മാറിയ ലക്ഷ്മി ഈ അടുത്ത് തിരിച്ചുവരവ് നടത്തി.
സുഖമോ ദേവി എന്ന ഫ്ലാവേഴ്സ് ചാനലിലെ സീരിയലിൽ നിന്ന് വളരെ അപ്രതീക്ഷിതമായി ലക്ഷ്മി പിന്മാറി. ഇതിന് കാരണം എന്താണെന്നും, എവിടെ പോയിയെന്നും പ്രേക്ഷകർ ചോദിച്ചിരുന്നെങ്കിലും മറുപടി ഉണ്ടായിരുന്നില്ല. സോഷ്യൽ മീഡിയകളിലും ലക്ഷ്മി സജീവമായിരുന്നില്ല. ഇപ്പോഴിതാ സീരിയലിൽ നിന്നുള്ള പിന്മാറ്റത്തിന്റെ കാരണം വ്യക്തമായിരിക്കുകയാണ്. വീണ്ടും അമ്മയാകാൻ ഒരുങ്ങുകയാണ് താരം.
താൻ ആറ് മാസം ഗർഭിണി ആണെന്നുള്ള സന്തോഷ വിശേഷം ലക്ഷ്മി തന്റെ ആരാധകരുമായി പങ്കുവച്ചു. ഗർഭിണിയായി ഭർത്താവിനും മകൾക്കും ഒപ്പം നിൽക്കുന്ന ഒരു ഫോട്ടോഷൂട്ട് ചെയ്തുകൊണ്ടാണ് ഈ വിശേഷം ലക്ഷ്മി പോസ്റ്റ് ചെയ്തത്. മറ്റേർണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളിൽ മൂവരും കറുപ്പ് വസ്ത്രങ്ങളിലാണ് തിളങ്ങിയത്. അസർ എന്നാണ് ലക്ഷ്മിയുടെ ഭർത്താവിന്റെ പേര്. പ്രണയവിവാഹം ആയിരുന്നു. ദുവാ പർവീൺ എന്നൊരു മകളുമുണ്ട്.