‘ആടുജീവിതം ഞാൻ വിട്ടു കൊടുത്തത്, ബെന്യാമിന് ഓർമ്മപ്പിശക്..’ – വെളിപ്പെടുത്തി സംവിധായകൻ ലാൽ ജോസ്

ആടുജീവിതവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. സിനിമ ഇറങ്ങി പത്ത് ദിവസം കഴിഞ്ഞെങ്കിലും പ്രേക്ഷകർ ഇപ്പോഴും കാണാനായി ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ട് മറ്റൊരു ചർച്ച നടക്കുന്നത്. ആടുജീവിതം താൻ ചെയ്യാൻ തീരുമാനിച്ച സിനിമയാണെന്നും ബ്ലെസിക്ക് വേണ്ടി വിട്ടുകൊടുത്തതാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്.

ലാൽജോസിന്റെ വാക്കുകൾ ഇങ്ങനെ, “ആടുജീവിതം വായിച്ചതിന് ശേഷം ബെന്യാമിനെ ബഹറിനിൽ പോയി കണ്ടു. സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്ന് പറഞ്ഞു. അദ്ദേഹത്തിന് സന്തോഷമായിരുന്നു. ആ സിനിമയ്ക്ക് വേണ്ടിയാണ് എൽജെ ഫിലിംസ് കമ്പനി രജിസ്റ്റർ ചെയ്യുന്നത് തന്നെ. പക്ഷേ ഒറ്റയ്ക്ക് ആ സിനിമ ചെയ്യാൻ കഴിയില്ല. ഒരു പുതുമുഖ താരത്തിനെയാണ് കാസ്റ്റ് ചെയ്യാൻ ഉദേശിച്ചത്. ഇത്രയും കാലം വലിയയൊരു നടനെ പരിഗണിച്ചാൽ ഡേറ്റ് പ്രശ്നമുണ്ടാവും.

ഞാൻ ഈ നോവൽ സിനിമയാകുന്നുവെന്ന് മാഗസിനിൽ വാർത്ത വരെ വന്നു. അപ്പോഴാണ് ബ്ലെസ്സി എന്നെ വിളിക്കുന്നത്. എന്തായി ഒരുപാട് മുന്നോട്ട് പോയോ എന്ന് ചോദിച്ചു. ഇല്ലെങ്കിൽ എനിക്ക് തരുമോ എന്നും അദ്ദേഹം ചോദിച്ചു. അദ്ദേഹം ഒരു വർഷമെടുത്ത് സ്ക്രിപ്റ്റ് എഴുതിയ കഥയ്ക്ക് ആടുജീവിതവുമായി സാമ്യമുണ്ടെന്ന് പറഞ്ഞു. ബെന്യാമിനോട് കൂടി ഒന്ന് സംസാരിക്കാൻ ഞാൻ പറഞ്ഞു. പിന്നീട് എനിക്ക് തോന്നി ബെന്യാമിനും ബ്ലെസ്സി ചെയ്യുന്നതാണെന്ന് ഇഷ്ടമെന്ന്.

അതുകൊണ്ടാണ് ഞാൻ അത് വിട്ടുകൊടുത്തത്. 14 വർഷം മുമ്പ് നടന്ന കാര്യങ്ങളാണ് ഇത്. ബ്ലെസ്സിക്ക് ഇത് നന്നായി ചെയ്യാൻ പറ്റുമെന്ന് എനിക്ക് അറിയാമായിരുന്നു. ബ്ലെസ്സിയെ പോലെ ഇത്രയും വർഷമൊന്നും ഒരു സിനിമയ്ക്ക് വേണ്ടി ചിലവഴിക്കാൻ എനിക്ക് പറ്റില്ല. അറബിക്കഥ ചെയ്തത് കൊണ്ടാണ് ആടുജീവിതം തരാതിരുന്നത് എന്ന് ബെന്യാമിൻ പറയുന്നത് അദ്ദേഹത്തിന്റെ ഓർമപ്പിശകാണ്. അറബിക്കഥ 2006-ൽ പൂർത്തിയായ സിനിമയാണ്. ആടുജീവിതം നോവൽ പോലും ഇറങ്ങുന്നത് 2008-ലാണ്..”, ലാൽ ജോസ് പറഞ്ഞു.