സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന സിനിമയാണ് മാമന്നൻ. തമിഴിൽ ഇറങ്ങിയ സിനിമ, അവിടെ ചർച്ചയാകാൻ കാരണം അതിൽ അഭിനയിച്ച മലയാളി നടനായ ഫഹദ് ഫാസിൽ ആണെന്നുള്ളത് അറിഞ്ഞാൽ സംശയിക്കേണ്ടതില്ല. വില്ലനായി അഭിനയിച്ച ഫഹദിന്റെ മികച്ച പ്രകടനം കാരണം മാരി സെൽവരാജ് എന്ന സംവിധായകൻ ഉദ്ദേശിച്ച സന്ദേശം പോലും പ്രേക്ഷകർക്ക് വേറെ രീതിയിലാണ് കിട്ടിയത്.
അവർ നായക കഥാപാത്രത്തെക്കാൾ വില്ലൻ കഥാപാത്രത്തെയാണ് ആഘോഷിക്കുന്നത്. ജാതി രാഷ്ട്രീയം തുറന്നുകാണിക്കാൻ വേണ്ടി മാരി സെൽവരാജിന് ചെറുതായിട്ട് പണി പാളി. നായകനെക്കാൾ മികച്ച വില്ലനെ കാസറ്റ് ചെയ്തതാണ് കാരണമായത്. സിനിമയെ കുറിച്ച് പക്ഷേ നല്ല അഭിപ്രായം തന്നെയാണ് പ്രേക്ഷകർക്കുള്ളത്. ഒടിടിയിൽ ഇറങ്ങിയ ശേഷം നിരവധി പേരാണ് ഫഹദിന്റെ പ്രകടനത്തെ കുറിച്ച് പറഞ്ഞത്.
ഇപ്പോഴിതാ നടി ലക്ഷ്മി രാമകൃഷ്ണൻ മാമന്നൻ കണ്ട ശേഷമുള്ള തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്. “മാമന്നൻ കണ്ടു, മാരി സെൽവരാജിൽ നിന്ന് വീണ്ടുമൊരു മികച്ച സിനിമ. സ്ക്രീനിൽ കാണിക്കുന്ന ക്രൂരതയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ആ സിനിമയിലെ ചില രംഗങ്ങൾ എല്ലാം നിശ്ചലമാക്കിയിരുന്നു, എന്റെ ഹൃദയമിടിപ്പ് പോലും!
ഉദയനിധി സ്റ്റാലിന്റെ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച പ്രകടനം. മാമന്നനും അമ്മയും അതിലും ഗംഭീരമായിരുന്നു. അദ്ദേഹം കഥാപാത്രമായി ജീവിച്ചു. ഇതിഹാസവും ഒരേയൊരു വടിവേലുവും ആണെന്ന് പോലും ഞാൻ മറന്നുപോയി. അദ്ദേഹം മാമന്നൻ ആണ്, എനിക്കിപ്പോൾ അങ്ങനെയെ കാണാൻ കഴിയുന്നോള്ളൂ. ഫഹദ് ഫാസിൽ ഒരു മികച്ച നടനാണ്, ഈ വേഷം അദ്ദേഹത്തിന് അനായാസമാണ്. പക്ഷേ അദ്ദേഹത്തിന്റെ ഡബ്ബിംഗ് അത്ര ശരിയായില്ല.
കീർത്തി സുരേഷ് തന്റെ മികച്ച ഫോമിലല്ലെന്ന് തോന്നിയിരുന്നു. വില്ലന്റെ ഭാര്യ കഥാപാത്രം എനിക്ക് ഇഷ്ടപ്പെട്ടു. മാരി സെൽവരാജ് ശ്രദ്ധാലുവായിരിക്കുകയും താൻ ഉദേശിച്ചത് വ്യക്തതയോടെ ചെയ്തിട്ടുണ്ടെന്നുമാണ് എനിക്ക് തോന്നുന്നത്..”, ലക്ഷ്മി പറഞ്ഞു. സിനിമയിൽ ജാതീയത ഇല്ലായിരുന്നുവെന്നും ആ വ്യക്തിക്ക് ആളുകളോടുള്ള മാനസികാവസ്ഥ ചിത്രീകരിക്കാൻ ആണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും ലക്ഷ്മി പങ്കുവച്ചിട്ടുണ്ട്.