മലയാളത്തിന്റെ പ്രിയ നടി കെ.പി.എ.സി ലളിത നമ്മളെ വിട്ടുപിരിഞ്ഞിട്ട് ഒരു മാസത്തിന് അടുത്ത് ആകുന്നു. ഇപ്പോഴും ആ അതുല്യകലാകാരി മരിച്ചുവെന്ന് വിശ്വസിക്കാൻ പ്രയാസമുള്ളവരാണ് മലയാളികളിൽ പലരും. സിനിമ ജീവിതത്തിൽ ലളിതാമ്മ ചെയ്യാത്ത വേഷങ്ങൾ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. 2 ദേശീയ അവാർഡും നാല് തവണ സംസ്ഥാന അവാർഡും നേടിയിട്ടുണ്ട് കെ.പി.എ.സി ലളിത.
മാർച്ച് പത്തിന് ആയിരുന്നു ലളിതാമ്മയുടെ ജന്മദിനം. മരിച്ചു കഴിഞ്ഞാൽ പിന്നെ ജന്മദിനത്തിന് പൊതുവേ പ്രാധാന്യമില്ല എന്നതാണ് സത്യം. എന്നാലും ലളിതാമ്മ പോയി ദിവസങ്ങൾക്ക് ഉള്ളിൽ തന്നെയായിരുന്നു അവരുടെ ജന്മദിനവും വന്നത്. ചിലർ താരങ്ങൾ പതിവ് പോലെ തന്നെ ലളിതാമ്മയുടെ ഓർമ്മയിൽ ജന്മദിനം ആശംസിച്ച് ഏറെ വേദനാജനകമായ പോസ്റ്റുകൾ ഇട്ടിരുന്നു. അതിൽ ഒരാളായിരുന്നു നടി ലക്ഷ്മി പ്രിയ.
ലളിതാമ്മയുടെയും തന്റെയും പിറന്നാളുകൾക്ക് ഒരു ദിവസത്തെ അകലമേ ഉള്ളൂവെന്ന് കുറിച്ചുകൊണ്ടാണ് ലക്ഷ്മി പ്രിയ പോസ്റ്റ് ആരംഭിച്ചത്. കഥ തുടരുന്നു എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് തനിക്ക് ജന്മദിനം ആശംസിച്ചുകൊണ്ട് ഒരുമുണ്ടും നേര്യതും തന്നുവെന്നും തന്നെ അത് ഇടിപ്പിച്ച ശേഷം തളീലമ്പലത്തിൽ കൊണ്ടുപോയിയെന്നും അപ്പോഴാണ് ലളിതാമ്മയുടെ ജന്മദിനം കഴിഞ്ഞ ദിവസമായിരുന്നുവെന്ന് തനിക്ക് മനസ്സിലായതെന്നും ലക്ഷ്മി പ്രിയ കുറിച്ചു. പിന്നീട് സെറ്റിൽ വച്ച് ഇരുവരും ഒരുമിച്ച് കേക്ക് മുറിച്ചു.
ലളിതാമ്മ കാരണമാണ് താൻ തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്ക് മാറിയത്. തിരുവമ്പാടി അമ്പലത്തിന് മുന്നിലെ അപ്പാർട്മെന്റിന് അഡ്വാൻസ് കൊടുത്തത് ലളിതാമ്മയുടെ കൈകൾ കൊണ്ടാണെന്നും ലക്ഷ്മി പങ്കുവച്ചു. ഷൂട്ടിങ്ങിനും ഷോപ്പിങ്ങിനും അമ്മയ്ക്ക് ഹോസ്പിറ്റലിൽ പോകാനുമെല്ലാം തങ്ങൾ ഒരുമിച്ചായിരുന്നുവെന്ന് ലക്ഷ്മിപ്രിയ ഓർത്തെടുത്തു. ഇടയ്ക്ക് അകാരണമായി തന്നെ ചീത്ത പറഞ്ഞതിന്റെ പേരിൽ ദിവസങ്ങളോളം പിണങ്ങിയിരുന്നുവെന്നും ലക്ഷ്മി കുറിച്ചു.
അഭിനയം കൊണ്ട് മാത്രമല്ല ജീവിതം കൊണ്ടും തന്നെ വിസ്മയിപ്പിച്ച അതുല്യ മഹാനടിയാണ് കെ.പി.എ.സി ലളിതയെന്നും ഭർത്താവ് വരുത്തി വച്ച 85 ലക്ഷം രൂപയുടെ കട ബാധ്യതയും പേറി പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് ഇരുട്ടിലേക്ക് നോക്കി നിന്ന അവർ തിരിച്ചുനിന്ന് ഇതുവരെ എത്തിയെന്നും ഒരു മനുഷ്യ ആയുസ്സിൽ താങ്ങാവുന്നതിലും അധികം ഭാരം വീട്ടി എരിഞ്ഞടങ്ങിയെന്നും കുറിച്ചുകൊണ്ടാണ് ലക്ഷ്മിപ്രിയ ലളിതാമ്മയ്ക്ക് പിറന്നാൾ ആശംസിച്ച് കുറിപ്പ് പങ്കുവച്ചത്.