തൃശൂർ കയ്പമംഗലത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമ സുഹൃത്തുക്കളും സഹപ്രവർത്തകരും. വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ ഒരു പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബിനു അടിമാലി, മഹേഷ്, ഡ്രൈവർ ഉല്ലാസ് അരൂർ എന്നിവർ സുധിക്ക് ഒപ്പമുണ്ടായിരുന്നു.
ഒപ്പമുണ്ടായിരുന്നവർക്കും പരിക്കുകൾ പറ്റിയിട്ടുണ്ട്. ഡ്രൈവർ ഉറങ്ങി പോയതാകാം അപകടം ഉണ്ടാകാൻ കാരണം ആയതെന്ന് ദൃക്സാക്ഷികൾ പറയുന്നുണ്ട്. സഹപ്രവർത്തകന്റെ വേദനയിൽ പോസ്റ്റുകൾ പങ്കുവച്ചിരിക്കുകയാണ് സ്റ്റാർ മാജിക് അവതാരകയായ ലക്ഷ്മി നക്ഷത്ര. “എന്റെ സുധി ചേട്ടാ.. എന്തിനാ ഞങ്ങളെ വിട്ട് ഇത്ര വേഗം പോയത്? സ്വന്തം ചേട്ടൻ ആയിരുന്നു.
ചിരിക്കുന്ന മുഖത്തോടെയെ ഇതുവരെ കണ്ടിട്ടുള്ളു..”, ലക്ഷ്മി വേദനയോട് പങ്കുവച്ചു. “സുധി ചേട്ടാ എത്രയോ സ്റ്റേജുകൾ ഒരുമിച്ചു പ്രോഗ്രാമുകൾ ചെയ്തു. എത്രയോ യാത്രകൾ പോയി.. പക്ഷേ ഈ യാത്ര തീരെ പ്രതീക്ഷികാത്തതായിപ്പോയി..”, നടി വീണ നായർ സുധിയുടെ വേർപാടിന്റെ വേദനയിൽ കുറിച്ചു. സ്റ്റാർ മാജിക്കിൽ സുധിക്ക് ഒപ്പം സ്ഥിരമായി പങ്കെടുത്ത നടി ശ്രീവിദ്യ മുല്ലച്ചേരിയും കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
“അടുത്ത ഷെഡ്യുളിൽ കാണാം മക്കളെ എന്ന് പറഞ്ഞ കെട്ടിപിടിച്ചു പോയതല്ലേ സുധിചേട്ടാ.. മക്കളെ എന്നുള്ള ആ വിളിക്ക് ഞങ്ങൾ ഇനിയും കാത്തിരിക്കും..”, ശ്രീദേവി സുധിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു. ബിനു അടിമാലിക്ക് ഗുരുതരമായ പ്രശ്നങ്ങൾ ഇല്ല എന്നാണ് കലാഭവൻ പ്രസാദ് ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.