‘ഹൃദയഭേദകം! ഷമ്മിയേട്ടാ എന്ന അവന്റെ സ്നേഹാർദ്രമായ വിളി..’ – സുധിയുടെ ഓർമ്മയിൽ നടൻ ഷമ്മി തിലകൻ

കൊല്ലം സുധിയുടെ വേർപാട് താങ്ങാനാവാതെ സങ്കടത്തിൽ ആയിരിക്കുകയാണ് സിനിമ, ടെലിവിഷൻ ലോകം. ഒട്ടും പ്രതീക്ഷിക്കാത്ത, വളരെ അപ്രതീക്ഷിതമായ ഒരു മരണമാണ് സംഭവിച്ചത്. സിനിമ മേഖലയിലെ പല താരങ്ങളും സുധിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ നടൻ ഷമ്മി തിലകൻ സുധിയുമായുള്ള ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ്. കൊല്ലം സുധി എന്ന അതുല്യ പ്രതിഭയുടെ ആകസ്മിക വിയോഗ വാർത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്.

അനിതര സാധാരണമായ നടന ചാരുതയിലൂടെയും, തനതായ ഹാസ്യ ശൈലിയിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തിന് ഉള്ളിൽ ഇടം നേടിയവനാണ് സുധി. പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നത് സങ്കടകരം ആണ്. അത് സഹോദര തുല്യരാകുമ്പോൾ ഹൃദയഭേദകവും. ‘ഷമ്മിയേട്ടാ’ എന്ന അവന്റെ സ്നേഹാർദ്രമായ വിളി കർണാനന്ദകരമായിരുന്നു. സ്വന്തം സഹോദരങ്ങളിൽ നിന്നു പോലും കേൾക്കാൻ കഴിഞ്ഞിട്ടില്ലാത്ത നീട്ടിയുള്ള ആ വിളി ഒരുപാട് തവണ ആസ്വദിച്ചിട്ടുണ്ട്.

ഒപ്പം, അവൻറെ കദനകഥകളുടെ പെരുമഴ പെയ്തിറങ്ങി ഒരുപാട് തവണ കണ്ണുകൾ കണ്ണീർ തടമായിട്ടുമുണ്ട്. കഷ്ടപ്പാടുകളുടെയും, പ്രതിസന്ധിയുടെയും നാളുകൾ അതിജീവിച്ചു ഒരു സന്തോഷ ജീവിതം തുടങ്ങുന്ന വേളയിലാണ് വേർപാട് എന്നത് വേദനാജനകം തന്നെ. ഈ സമയത്ത് സുധിയുടെ പ്രിയപ്പെട്ടവരോടും, കുടുംബത്തോടും, ആരാധകരോടും ഒപ്പം ഞാനും അനുശോചനം അറിയിക്കുന്നു..”, ഷമ്മി തിലകൻ കുറിച്ചു.

സുധിയുടെ വേർപാടിൽ സ്റ്റാർ മാജിക്കിലെ സഹതാരവും ഉറ്റുസുഹൃത്തുമായ നോബി മാർക്കോസിന്റെ വാക്കുകൾ ഓരോ മലയാളികളെയും വേദനിപ്പിക്കുന്നതാണ്. “ചെയ്യാൻ ഒരുപാട് വേഷങ്ങൾ ബാക്കി വെച്ച് താങ്ങാവുന്നതിന് അപ്പുറം വേദന നൽകി എന്റെ അണ്ണൻ യാത്രയായി..”, എന്നായിരുന്നു നോബി പോസ്റ്റ് ചെയ്തത്. ഇരുവരും ഒരുമിച്ച് നിരവധി ഷോകളും സ്റ്റേജ് പരിപാടികളും നടത്തിയിട്ടുണ്ട്. സ്റ്റാർ മാജിക്കിലും ഇരുവരും ഒരുമിച്ച് വർഷങ്ങളോളം പ്രവർത്തിച്ചിട്ടുണ്ട്.


Posted

in

by