സിനിമകൾ വീണ്ടും സജീവമായി തിയേറ്ററുകളിൽ ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. ഓണം റിലീസുകൾക്ക് മുന്നോടിയായി സിനിമകൾ ഈ ആഴ്ചകൾ വന്നിട്ടുമുണ്ട്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘ന്നാ താൻ കേസ് കൊട്’ ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. സിനിമയിലെ ഗാനരംഗമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു. മലയാളികൾ ഒന്നടങ്കം ആസ്വദിക്കുകയും ചെയ്തിരുന്നു.
സിനിമ തിയേറ്ററുകളിൽ ഇറങ്ങുന്ന ദിവസം തന്നെ വലിയ ഒരു വിവാദവും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. സിനിമയ്ക്ക് എതിരെ കമ്മ്യൂണിസ്റ്റ് പ്രവർത്തകർ ബഹിഷ്ക്കരണത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഇപ്പോൾ. സിനിമയുടെ തിയേറ്റർ ലിസ്റ്റ് അടങ്ങിയ പോസ്റ്ററുകൾ ഇന്നലെ സോഷ്യൽ മീഡിയയിലും ഇന്ന് രാവിലെ ഒട്ടുമിക്ക പത്രമാധ്യമങ്ങളിലും വന്നിട്ടുണ്ടായിരുന്നു. ആ പോസ്റ്ററിലെ വാചകങ്ങളാണ് വിവാദങ്ങൾക്ക് കാരണം.
“തിയേറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ..” എന്നായിരുന്നു പത്ര പരസ്യങ്ങളിൽ കൊടുത്തിരുന്ന വാചകം. ഇത് സംസ്ഥാന സർക്കാരിനെയും പൊതുമരാമത്ത് മന്ത്രിയായ റിയാസിനെയും കളിയാക്കാൻ വേണ്ടി ചെയ്തതാണെന്ന് ആരോപിച്ചാണ് സൈബർ സഖാക്കൾ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ എതിരെയും രൂക്ഷ വിമർശനങ്ങൾ ഉയർന്നിട്ടിട്ടുണ്ട്. തന്റെ സിനിമ ഇനി തിയേറ്ററിൽ കാണില്ലായെന്നും ചാക്കോച്ചൻ മാപ്പ് പറയണമെന്നുമാണ് പലരുടെയും ആവശ്യം.
വക്കീലും ഇടത് സഹയാത്രികയുമായ രസ്മിതാ രാമചന്ദ്രൻ സിനിമ ബഹിഷ്കരിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുമുണ്ട്. ഇന്നു തന്നെ കാണാന്‍ തീരുമാനിച്ച സിനിമയായിരുന്നുവെന്നും തന്റെ ആ തീരുമാനം മാറ്റിയെന്നും ഈ പരസ്യം പിന്‍വലിച്ച് അണിയറ പ്രവർത്തകർ പരസ്യമായി മാപ്പ് പറഞ്ഞതിന് ശേഷം സിനിമ കാണുകയുള്ളുവെന്നും രസ്മിതാ ഫേസ്ബുക്കിൽ കുറച്ചു. ഇതിന് താഴെ പരിഹാസ കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നവരാണല്ലോ എന്നൊക്കെയാണ് കമന്റുകൾ വന്നിരിക്കുന്നത്.