മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു ഗായികയാണ് കെ.എസ് ചിത്ര. കേരളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന കെ.എസ് ചിത്ര 30000-ത്തിൽ അധികം പാട്ടുകളാണ് പാടിയിട്ടുള്ളത്. തെന്നിന്ത്യയിലെ ഭാഷകളിലും ബോളിവുഡിലും മറ്റു പ്രാദേശിക ഭാഷകളിലുമെല്ലാം ചിത്ര പാടിയിട്ടുണ്ട്. കരിയർ തലത്തിൽ ഒരുപാട് നേട്ടങ്ങൾ ചിത്ര സ്വന്തമാക്കിയിട്ടുണ്ടെങ്കിൽ സ്വകാര്യ ജീവിതം ഏറെ വേദന നിറഞ്ഞതായിരുന്നു.
ബിസിനെസുകാരനായ വിജയശങ്കറുമായി വിവാഹിതയായ ചിത്രയ്ക്ക് ഏറെ വൈകിയാണ് ഒരു പെൺകുഞ്ഞ് ജനിച്ചത്. ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടിയായിരുന്നു അത്. എങ്കിലും ചിത്ര വളരെ പൊന്നുപോലെയാണ് മകളെ നോക്കിയത്. എന്നാൽ ഏറെ ഞെട്ടിച്ചുകൊണ്ട് 2011-ൽ ദുബൈയിൽ ഒരു സംഗീത പരിപാടിക്ക് പങ്കെടുക്കാൻ പോയപ്പോൾ താമസിച്ചിരുന്ന ഹോട്ടലിലെ പൂളിലെ വെള്ളത്തിൽ വീണു മുങ്ങി മരിച്ചു.
നന്ദന എന്നായിരുന്നു മകളുടെ പേര്. ചിത്രയ്ക്ക് അത് താങ്ങാൻ പറ്റുന്നതിലും ഏറെയായിരുന്നു. പിന്നീട് ഒന്ന്, രണ്ട് വർഷം വളരെ വിരളമായിട്ടേ ചിത്ര സംഗീത ലോകത്ത് ഉണ്ടായിരുന്നോള്ളൂ. 2011 ഏപ്രിൽ പതിനാലിനായിരുന്നു ചിത്രയുടെ മകൾ മരിച്ചത്. ഇപ്പോൾ പതിമൂന്ന് വർഷം പിന്നിട്ടിരിക്കുകയാണ്. മകളുടെ ഓർമ്മ ദിവസത്തിൽ ചിത്ര പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
“നിനക്ക് എന്നോടൊപ്പം നിൽക്കാൻ കഴിയില്ലെങ്കിലും, നമ്മൾ വേർപിരിഞ്ഞിട്ടില്ല, എന്റെ അവസാന ശ്വാസം വരെ നീ എൻ്റെ ഹൃദയത്തിൽ വസിക്കും..”, ഇതായിരുന്നു മകളുടെ ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് ചിത്ര കുറിച്ചത്. നന്ദന ചിത്ര ചേച്ചിയുടെ കൂടെ എന്നും ഉണ്ടാകുമെന്ന് പ്രിയ ഗായികയുടെ ആരാധകർ ആശ്വസിപ്പിച്ചു കൊണ്ട് ചിത്രയുടെ പോസ്റ്റിൽ കമന്റ് ചെയ്തിട്ടുണ്ട്. 1987-ലായിരുന്നു ചിത്രയുടെ വിവാഹം.