അഞ്ച് മാസത്തോളമായി ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷയാചിച്ച് മൺചട്ടിയുമായി തെരുവിൽ ഇറങ്ങിയ അടിമാലി സ്വദേശിനികളായ മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും സഹായഹസ്തവുമായി നടൻ കൃഷ്ണകുമാർ. 87-കാരിയായ മറിയക്കുട്ടിക്കും 80-കാരിയായ അന്നക്കുട്ടിക്കും ഒരു വർഷത്തേക്കുള്ള ക്ഷേമ പെൻഷൻ തുകയായ 25000 രൂപ വീതമാണ് കൃഷ്ണകുമാർ ഇരുവർക്കും വേണ്ടി നൽകിയിരിക്കുന്നത്.
മക്കളുടെ പേരിലുള്ള ചാരിറ്റബിൾ ഫൗണ്ടേഷന്റെ പേരിലാണ് കൃഷ്ണകുമാർ പണം നൽകിയത്. തനിക്കും നാല് പെൺകുട്ടികളാണ് ഉള്ളതെന്നും പ്രതിഷേധിച്ച വയോധികയ്ക്കും നാല് കുട്ടികളാണ് ഉളളതെന്നും അദ്ദേഹം പറഞ്ഞു. 87-ഴാം വയസ്സിൽ ഒരു വയോധിക ഭിക്ഷ യാചിക്കുന്നത് ചിന്തിക്കാൻ കഴിയില്ലെന്നും അതുകൊണ്ടാണ് താൻ സഹായിക്കാൻ തീരുമാനിച്ചതെന്നും കൃഷ്ണകുമാർ പ്രതികരിച്ചു. ഇതൊരു തുടക്കമാണ്.
ഇനിയും അവർക്ക് സഹായം ലഭിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. ക്ഷേമ പെൻഷൻ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ അന്നക്കുട്ടിയും മറിയക്കുട്ടിയും പ്രതിഷേധ സൂചകമായിട്ടാണ് അടിമാലി ടൗണിൽ ഭിക്ഷ യാചിച്ചത്. ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലാവുകയും ചെയ്തു. മറിയക്കുട്ടി ചാനൽ ചർച്ചകളിലൂടെ സർക്കാരിന് എതിരെ രൂക്ഷമായ രീതിയിൽ പ്രതികരിച്ചിരുന്നു.
ഇതോടെ മറിയകുട്ടിക്ക് എതിരെ വ്യാജമായ വാർത്തകൾ ദേശാഭിമാനി ഉൾപ്പടെയുള്ളവർ പ്രചരിപ്പിച്ചു. മറിയക്കുട്ടിക്ക് ഒന്നര ഏക്കർ ഭൂമി ഉണ്ടെന്നും രണ്ട് വീടുകൾ ഉണ്ടെന്നും നാല് മക്കളിൽ ഒരാൾ വിദേശത്ത് ആണെന്നും വാർത്ത കൊടുത്തു. സംഭവം തെറ്റാണെന്ന് തിരിച്ചറിഞ്ഞ ദേശാഭിമാനി ഖേദം പ്രകടിപ്പിച്ച് റിപ്പോർട്ടും കൊടുത്തു. തെറ്റായ വാർത്ത കൊടുത്തതിന് എതിരെ കോടതിയിൽ സമീപിക്കാൻ ഒരുങ്ങുകയാണ് മറിയക്കുട്ടി.