‘നടൻ കൃഷ്ണകുമാറിന് പിറന്നാൾ! ഗണപതി വിഗ്രഹം സമ്മാനിച്ച് സ്‌മൃതി ഇറാനി..’ – തോൽവിയുടെ ആഘോഷമോ എന്ന് കമന്റ്

കൊല്ലം ലോകസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെ നടൻ കൃഷ്ണകുമാറിനെ തേടി മറ്റൊരു സന്തോഷ നിമിഷം വന്നെത്തിയിരിക്കുകയാണ്. ഈ കഴിഞ്ഞ ദിവസം കൃഷ്ണകുമാർ തന്റെ അൻപത്തിയാറാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ്. നാല് പെൺമക്കളും ഭാര്യയും താരത്തിന് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റുകൾ വമ്പൻ വൈറലായിരുന്നു. അതേസമയം കൃഷ്ണകുമാറിന് ജന്മദിനത്തിൽ കിട്ടിയ ഒരു സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറികൊണ്ടിരിക്കുന്നത്.

മുൻ കേന്ദ്രമന്ത്രിയായ സ്‌മൃതി ഇറാനി കൃഷ്ണകുമാറിന് ജന്മദിനത്തിൽ ഒരു ഗണപതി വിഗ്രഹം സമ്മാനമായി നൽകിയിരിക്കുകയാണ്. മധുരവും ഗണപതി വിഗ്രഹവും നൽകിയാണ് ജന്മദിനത്തിൽ കൃഷ്ണകുമാറിനെ സ്‌മൃതി ഇറാനി സ്വീകരിച്ചത്. കൃഷ്ണകുമാർ തിരിച്ച് പൂക്കളും നൽകി. “നമസ്കാരം സഹോദരങ്ങളെ, ഈ സുന്ദര ഭൂമിയിൽ ഇന്ന് 56 വർഷം തികച്ചു.. ദൈവത്തോട് നന്ദി ഒപ്പം സന്തോഷവും.. ആഘോഷങ്ങൾ ഒന്നുമില്ല.. വീട്ടിലാണെങ്കിൽ കുടുംബത്തോടൊപ്പം ചിലവഴിക്കുമായിരുന്നു. ഡൽഹിയിലായതിനാൽ ഇന്ന് ബിജെപി നേതാവും മുൻ മന്ത്രിയുമായ പ്രിയ സഹോദരി ശ്രീമതി സ്മൃതി ഇറാനിയുടെ വസതിയിൽ പോയിരുന്നു.

കുറേ നേരം സംസാരിച്ചിരുന്നു.. കൂടുതലും കുടുംബകാര്യങ്ങൾ.. ഇന്ന് പിറന്നാൾ ആയതിനാൽ മധുരവും, സമ്മാനമായി ഒരു മനോഹരമായ ഗണപതി വിഗ്രഹവും തന്നു. വളരെ പോസിറ്റീവും, അസാമാന്യമായ കഴിവും ഉള്ള സ്മൃതി ഇറാനി അതി ശക്തമായ തിരിച്ചുവരവ് നടത്തും. ഭാവിയിൽ ബിജെപിയുടെ ഏറ്റവും ശക്തരിൽ ഒരാളും, ഭരണത്തിൽ വളരെ ഉയർന്ന പദവികളിൽ എത്തുമെന്നും മനസ്സ് പറഞ്ഞു.. വളരെ സന്തോഷത്തോടെ സ്‌മൃതിജിയുടെ വീട്ടിൽ നിന്നും ഇറങ്ങി. പക്ഷെ എന്നേക്കാൾ ഇന്ന് സന്തോഷിച്ചത് സിന്ധു ആയിരുന്നു.

സ്‌മൃതിജിയുടെ കടുത്ത ആരാധികയായ സിന്ധുവിനോട് കുറേ നേരം ഫോണിലൂടെ സംസാരിച്ചതിന്റെ സന്തോഷം.. ഇതിനിടെ വളരെ അധികം ആളുകൾ കൊല്ലത്തു നിന്നും, തിരുവനന്തപുരത്ത് നിന്നും ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പിറന്നാൾ ആശംസകൾ അറിയിച്ചതിനു നന്ദി.. ഏവർക്കും നന്മകൾ നേരുന്നു..”, കൃഷ്ണകുമാർ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചു. തോൽവിയുടെ ആഘോഷമാണോ എന്നാണ് ചിലർ പോസ്റ്റിന് താഴെ പങ്കുവച്ചിട്ടുള്ളത്. രണ്ട് തോൽവികൾ എന്നിങ്ങനെയും കമന്റുകൾ വന്നിട്ടുണ്ട്. പക്ഷേ മോശം കമന്റുകളോട് ഒന്നും താരം പ്രതികരിച്ചിട്ടില്ല.