സഹസംവിധായകനായി സിനിമയിലേക്ക് എത്തി പിന്നീട് അഭിനേതാവായി ഇപ്പോൾ ടെലിവിഷൻ പരമ്പരകളിലൂടെ നിറസാന്നിധ്യമായി മാറിയ താരമാണ് നടൻ കിഷോർ സത്യ. 1996-ൽ കാഞ്ഞിരപ്പള്ളി കറിയാച്ചൻ എന്ന സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ച കിഷോർ 2004-ൽ യൂത്ത് ഫെസ്റ്റിവൽ എന്ന ചിത്രത്തിലൂടെ വില്ലനായി അഭിനേതാവായും തുടക്കം കുറിച്ചു. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു.
2005-ൽ മന്ത്രകോടി എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടാണ് ടെലിവിഷൻ രംഗത്തേക്ക് വരുന്നത്. കിഷോർ സഹസംവിധായകനായി ജോലി ചെയ്യുന്ന സമയത്താണ് നടി ചാർമിളയുമായി വിവാഹിതനാകുന്നത്. പക്ഷേ മൂന്ന് വർഷത്തെ ദാമ്പത്യബന്ധം അവർ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ചാർമിള അതിന്റെ കാരണം പല മാധ്യമങ്ങളിലും പങ്കുവച്ചിട്ടുണ്ടെങ്കിലും കിഷോർ അതിനെ കുറിച്ച് ഒരിക്കലും പ്രതികരിച്ചിട്ടില്ല.
2007-ൽ കിഷോർ മറ്റൊരു വിവാഹം കഴിച്ചിരുന്നു. പൂജ എന്നാണ് കിഷോറിന്റെ ഭാര്യയുടെ പേര്. പതിനാറ് വർഷമായി കിഷോറും പൂജയും അടിച്ചുപൊളിച്ച് ദാമ്പത്യജീവിതം ആസ്വദിക്കുകയാണ്. ഇപ്പോഴിതാ വിവാഹവാർഷിക ദിനത്തിൽ കിഷോർ ഒരു മനോഹരമായ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്. വിവാഹ ദിനത്തിൽ താലികെട്ടുന്ന ഫോട്ടോയും ഇപ്പോഴുള്ള ഫോട്ടോയും കിഷോർ അതിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
“എന്റെ ജീവിതകാലം മുഴുവൻ ശല്യപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നത് നീ മാത്രമാണ്.. എല്ലായിടത്തും എന്റെ ജീവന്റെ പാതിയായ പങ്കാളിക്ക് വാർഷിക ആശംസകൾ..”, കിഷോർ സത്യ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. ഇരുവർക്കും വാർഷികാശംസകൾ നേർന്ന് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിട്ടുള്ളത്. ഇപ്പോൾ സൂര്യ ടി.വിയിലെ അമ്മകിളിക്കൂട് എന്ന പരമ്പരയിലാണ് കിഷോർ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.