‘സംഹാരതാണ്ഡവമാടി രാജാവ്! ദുൽഖറിന്റെ കിംഗ് ഓഫ് കൊത്തയ്ക്ക് മികച്ച പ്രതികരണം..’ – റിവ്യൂ വായിക്കാം

‘വർഷങ്ങൾക്ക് ശേഷം സ്വന്തം യജമാനെ കണ്ട് ഒരു നായയെ പോലെയാണ് കൊത്ത. ആദ്യമൊന്ന് കുരയ്ക്കും പിന്നെ വാലാട്ടിക്കൊണ്ട് ഓടി വരും..” സിനിമ റിലീസിന് മുമ്പിറങ്ങിയ ട്രെയിലറിൽ പറയുന്ന ഒരു ഡയലോഗ് ആണ്. ഇത് തന്നെയാണ് കിംഗ് ഓഫ് കൊത്ത. ഒരു പക്കാ മാസ്സ് ആക്ഷൻ ഡ്രാമയാണ് കിംഗ് ഓഫ് കൊത്ത. ആക്ഷൻ ത്രില്ലറുടെ തലതൊട്ടപ്പനായ ജോഷിയുടെ പിന്മുറക്കാരനാണ് അഭിലാഷ് എന്ന് സിനിമയിലൂടെ തെളിയിച്ചു കഴിഞ്ഞു.

അച്ഛന്മാരുടെ പേര് കളയാതെ ദുൽഖറും അഭിലാഷും ഒരു കിടിലം സിനിമ തന്നെയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. മൂന്ന് മണിക്കൂർ നീളുന്ന സിനിമയുടെ ദൈർഖ്യം കുറച്ച് അനാവശ്യ സീനുകൾ ഒഴിവാക്കിയിരുന്നെങ്കിലും ഒരു പക്ക ആക്ഷൻ സിനിമയായി കൊത്ത ഇനിയും മാറിയേനെ! കണ്ടിറങ്ങിയ പ്രേക്ഷകരിൽ പലരും പറയുന്നത് ആ ഒരു നെഗറ്റീവ് മാത്രമാണ്. പക്ഷേ സിനിമയെ ഇത് ബാധിക്കുമെന്ന് തോന്നുന്നില്ല.

ദുൽഖർ അധികം ചെയ്തിട്ടില്ല ഒരു മാസ്സ് കഥാപാത്രം ഇതോടു കൂടി അവസാനിച്ചിരിക്കുകയാണ്. ആരാധകർക്ക് തിയേറ്ററിൽ ആവേശം കൊള്ളിക്കുന്ന ഒരുപാട് രംഗങ്ങൾ ദുൽഖറിന്റെ സിനിമയിലുണ്ട്. ദുൽഖറിന്റെ പ്രകടനം തന്നെയാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. ജേക്സ് ബിജോയ് ഒരുക്കി പശ്ചാത്തല സംഗീത സിനിമയ്ക്ക് വലിയ രീതിയിൽ ഗുണം ചെയ്തിട്ടുണ്ട്. കൊത്തയിലെ തെരുവ് ജീവിതം തന്റെ ക്യാമറ കണ്ണിൽ പകർത്തിയെടുത്ത നിമിഷ് രവിയും കൈയടി അർഹിക്കുന്നുണ്ട്.

സുഹൃത്തുക്കൾ പിന്നീട് വില്ലന്മാരായ മാറുന്ന ഒരുപാട് സിനിമകൾ മലയാളി പ്രേക്ഷകർ കണ്ടിട്ടുണ്ടെങ്കിലും തന്റെ മേക്കിങ് മികവിലൂടെ അഭിലാഷ് അതിനെ മാറ്റിയെടുത്തിട്ടുണ്ട്. ഒപ്പമുണ്ടായിരുന്നവരുടെ ചതിയിൽ നാടുവിടുന്ന കഥാപാത്രം പിന്നീട് പഴയതിലും ശക്തനായി മടങ്ങിയെത്തുന്നതും പ്രതികാരം വീട്ടുന്നതുമാണ് കഥ. ഐശ്വര്യ ലക്ഷ്മി, ഷബീർ, നൈല ഉഷ, ഷമ്മി തിലകൻ, ഗോകുൽ സുരേഷ് എന്നിവരുടെ പ്രകടനം മികച്ചതായിരുന്നു. ആദ്യ ദിവസം തന്നെ തിയേറ്ററുകളിൽ ഹൗസ് ഫുൾ ബോർഡുകളും ലേറ്റ് നൈറ്റ് ഷോകളും ഒരുപാട് വന്നു തുടങ്ങിയിട്ടുമുണ്ട്.